മുംബൈ: ബി.ജെ.പിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് ശിവസേന രംഗത്ത്. ബി.ജെ.പി എം.പിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ രംഗത്തിറക്കിയാണ് ശിവസേന തുറന്ന പോരിലേക്കെത്തിയത്. സിറ്റിങ് എം.പിയും ബി.ജെ.പി നേതാവുമായ ചിന്താഗണ്‍ വനഗയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോകസ്ഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാല്‍ ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ശിവസേനയില്‍ ചേര്‍ന്നു. ഇതോടെ ചിന്താഗണിന്റെ മകന്‍ ശ്രീനിവാസ വനഗക്കു ശിവസേന സീറ്റ് നല്‍കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ആളാണ് ശ്രീനിവാസ വനഗ. ഒറ്റക്ക് മത്സരിക്കാനുള്ള ശിവസേന തീരുമാനം വന്നതോടെ കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സഖ്യത്തിനാണ് വിള്ളല്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം പാല്‍ഘറില്‍ നടന്ന യോഗത്തില്‍ പ്രാദേശിക നേതൃത്വം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ മകനെ തന്നെ സ്വന്തം പാളയത്തിലെത്തിച്ച് ശിവസേന സീറ്റ് നല്‍കിയത്.