മുംബൈ: സംസ്ഥാന സര്‍ക്കാറുമായി അസ്വാരസ്യത്തില്‍ നില്‍ക്കുന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ശിവസേന. കോഷ്യാരിയെ തിരിച്ചുവിളിച്ച് രാജ്ഭവന്റെ അന്തസ്സ് കാത്തു സൂക്ഷിക്കണമെന്ന് സേന പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു.
പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കോഷ്യാരിക്കെതിരെ സേന കടന്നാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള ഗവര്‍ണറുടെ വാക്‌പോരായാണ് സേനയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നത്.
ബാറുകളും റെസ്റ്ററന്റുകളും തുറന്നിട്ടും എന്തു കൊണ്ടാണ് ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്നാണ് കോഷ്യാരി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ചോദിച്ചിരുന്നത്. ഉദ്ധവിന്റെ ഹിന്ദുത്വത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. കത്തിന് മറുപടിയായി ആരില്‍ നിന്നെങ്കിലും ഹിന്ദുത്വം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉദ്ധവ് പറഞ്ഞിരുന്നു.