15 ഇന്ത്യക്കാര്‍ അടങ്ങുന്ന ചരക്ക് കപ്പല്‍ സൊമാലിയക്ക് സമീപത്തുവച്ച് ഹൈജാക്ക് ചെയ്തു. ബ്രസീലിലെ പോര്‍ട്ട് ഡി അക്കോയില്‍ നിന്നും ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് സൊമാലിയയുടെ കിഴക്കന്‍ തീരത്തു നിന്നും 300 നോട്ടിക്കല്‍ മൈല്‍ അകലെയായി ഹൈജാക്ക് ചെയ്യപ്പെട്ടത്.
എം.സി ലിലാ നോഫോക്ക് എന്ന ലൈബീരിയന്‍ പതാക വെച്ച ചരക്ക് കപ്പല്‍ ആണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. യുണൈറ്റഡ് കിങ്ഡം മാരിടൈം ഓപ്പറേഷന്‍ പോര്‍ട്ടലിലേക്ക് കപ്പല്‍ ജീവനക്കാര്‍ ഹൈജാക്ക് ചെയ്യപ്പെട്ടത് അറിയിക്കുകയായിരുന്നു. ആറോളം ആയുധധാരികളായ ആളുകള്‍ ചേര്‍ന്നാണ് കപ്പല്‍ ഹൈജാക്ക് ചെയ്തിരിക്കുന്നത്.
കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നേവി കപ്പലുമായി വിവരവിനിമയ ബന്ധം ആരംഭിച്ചതായി അറിയിച്ചു. യു.കെയില്‍ നിന്നും വിവരം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ നാവിക സേന മാരിടൈം പട്രോള്‍ യുദ്ധവിമാനത്തെയും ഐ.എന്‍.എസ് ചെന്നൈയെയും കപ്പലിന് സമീപത്തേക്ക് അയച്ചിട്ടുണ്ട്.
നിലവില്‍ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മറ്റു ഏജന്‍സികളുടെയും മറൈന്‍ നാഷണല്‍ ഫെസിലിറ്റിയുടെയും സഹകരണത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ നേവി അറിയിച്ചു.
അറേബ്യന്‍ കടലില്‍ മാള്‍ട്ടീസ് പതാക വെച്ച ചരക്ക് കപ്പല്‍ ഹൈജാക്ക് ചെയ്യുന്ന സംഭവം ഉണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഹൈജാക്കും നടന്നിരിക്കുന്നത്. ഇത് മേഖലയില്‍ കടല്‍ കൊള്ളക്കാരുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞദിവസം ഉണ്ടായ ഹൈജാക്കുകളില്‍ നിന്നും 18 കപ്പല്‍ ജീവനക്കാരെയും ഒരു ബള്‍ഗേറിയന്‍ രാജ്യക്കാരനെയും ഇന്ത്യ നാവിക സേന രക്ഷിച്ചിരുന്നു പരിക്കേറ്റ ഇവര്‍ നിലവില്‍ ചികിത്സയിലാണ്. ഐ.എന്‍.എസ് കൊച്ചിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്.
2008 മുതല്‍ 2013 വരെ ഈ മേഖലയില്‍ കടല്‍ കൊള്ളക്കാരുടെ അക്രമം കൂടുതലായിരുന്നു എന്നാല്‍ ഇന്ത്യന്‍ നേവി ഉള്‍പ്പെടുന്ന മള്‍ട്ടി നാഷണല്‍ മാരിടൈം ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ഇതിന് കുറവ് ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.