ഷൈനെ മൂന്ന് എസിപിമാര്‍ ചോദ്യം ചെയ്യുന്നു; വാട്ട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു

ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു വരുന്നു.

ഇന്ന് രാവിലെ 10.30ന് ഹാജരാവാനാണ് പൊലീസ് പറഞ്ഞതെങ്കിലും ഷൈന്‍ അരമണിക്കൂര്‍ നേരത്തെ എത്തിയിരുന്നു. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചത്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്.

അതേസമയം സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.

എന്തിനാണ് ഓടി രക്ഷപ്പെട്ടതെന്നതടക്കം 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി പൊലീസ് തയാറാക്കിയിരുന്നു.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.

 

webdesk17:
whatsapp
line