മഹാരാഷ്ട്ര ദുരന്ത നിവാരണ ബോഡിയില്‍ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. 2005ല്‍ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരന്ത നിവാരണ ബോഡി സ്ഥാപിച്ചത്.
അടുത്തിടെ ദുരന്ത നിവാരണ ബോഡി പുനഃസംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് സമിതിയുടെ അധ്യക്ഷന്‍. അതോടൊപ്പം ചീഫ് സെക്രട്ടറി സുജാത സുനൈകിനെ സി.ഇ.ഒ ആയും നിയമിച്ചു. ഉപമുഖ്യമന്ത്രിയും നഗര വികസന വകുപ്പ് മന്ത്രിയുമായ ഷിന്‍ഡെയെ ഒമ്പതംഗ സമിതിയില്‍ ഉള്‍പ്പെടുത്താത്തതിലാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, ഷിന്‍ഡെക്കൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടുന്ന എന്‍.സി.പി നേതാവ് അജിത് പവാര്‍ സമിതിയിലുണ്ട്. പ്രത്യേകിച്ച് നഗര വികസന വകുപ്പ് ദുരന്ത നിവാരണ ബോഡിയുടെ അവിഭാജ്യമായ സാഹചര്യത്തിലാണ് സമിതിയില്‍ ഷിന്‍ഡെയെ ഉള്‍പ്പെടുത്താത്തത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മുഖ്യമന്ത്രിപദം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസുമായി ഷിന്‍ഡെക്ക് ഭിന്നതയുണ്ടായിരുന്നു. തല്‍കാലം ഉപമുഖ്യമന്ത്രിപദവും പ്രധാന വകുപ്പും നല്‍കി അനുനയിപ്പിച്ചെങ്കിലും ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെന്ന് തന്നെയാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. രൂപീകരിച്ചതു തൊട്ട് സംസ്ഥാന സര്‍ക്കാറില്‍ ഷിന്‍ഡെയെ മാറ്റിനിര്‍ത്തുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരെ തീരുമാനിക്കുന്നത് അനന്തമായി നീണ്ടിരുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയായിരുന്നു അതിനു പിന്നില്‍.
മന്ത്രിമാര്‍ക്കിടയില്‍ ജില്ലകളുടെ ചുമതല നല്‍കുന്നതിലും ഭിന്നത ഉടലെടുത്തിരുന്നു. എന്‍.സി.പി, ബി.?ജെ.പി നേതാക്കള്‍ക്ക് യഥാക്രമം റായ്ഗഢിന്റെയും നാസിക്കിന്റെയും ചുമതല നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഷിന്‍ഡെ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കി. ഈ ജില്ലകളുടെ ചുമതല രണ്ട് ശിവസേന മന്ത്രിമാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഫഡ്‌നാവിസ് ഇടപെട്ട് നിയമങ്ങള്‍ തല്‍കാലത്തേക്ക് മരവിപ്പിച്ചെങ്കിലും റിപ്പബ്ലിക് ദിനത്തില്‍ റായ്ഗഢ് ജില്ല ആസ്ഥാനത്ത് എന്‍.സി.പി വനിത ശിശു വികസന മന്ത്രി അദിതി തത്കറെ ദേശീയ പതാക ഉയര്‍ത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.