ആവി പിടിക്കുന്നതു വഴി കോവിഡ് മാറുമെന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. ഷിംന അസീസ്. ചൂടുള്ള നീരാവി മൂക്കില്‍ വലിച്ചു കയറ്റിയാല്‍ കോവിഡ് മാറുമെന്ന് ഒരു ഡോക്ടറും പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വ്യാജപ്രചാരണമാണിത്. മൂക്കടപ്പ് തോന്നിയാല്‍ അതിനു ആശ്വാസം കിട്ടാനും മൂക്കിനകത്തെ സ്രവത്തിന്റെ കട്ടി കുറയാനുമാണ് ആവി പിടിക്കുന്നതെന്ന് ഷിംന പറഞ്ഞു. ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്‌സപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഡോ.ഷിംന അസീസ് രംഗത്തു വന്നത്.
ഡോക്ടര്‍ ഷിംന അസീസിന്റെ ഫെയ്‌സ്ബുക് കുറിപ്പ് മുഴുവന്‍ വായിക്കാം:
‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍…
ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന് നമ്മള്‍ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ് ആവി പിടിക്കുന്നത്. ഒന്നൂടി വ്യക്തമാക്കിയാല്‍ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക് കംഫര്‍ട്ട് കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്. ഇതിന് പ്രത്യേകിച്ച് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.
മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത് കുടുംബവും പ്രാരാബ്ധവുമായി കൂടിയിരിക്കുന്ന കോവിഡ് വൈറസിനെ കൊല്ലാന്‍ ശേഷിയുള്ളതല്ല. വെറുതേ രണ്ട് നേരം ആവി മൂക്കില്‍ കേറ്റാന്‍ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്റ്റാക്കരുത്.
അശ്രദ്ധമായി ചെയ്താല്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്, പ്രത്യേകിച്ച് കുഞ്ഞിമക്കള്‍ക്ക്. അത്തരം കേസുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പഴത്തെ സാഹചര്യത്തില്‍ വഴീക്കൂടെ പോണോര് മുഴുവന്‍ രാവിലേം വൈകീട്ടും ആവി വലിച്ച് മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാന്‍ നിന്നാല്‍ അതൂടി ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് തല്‍ക്കാലം നിര്‍വ്വാഹമില്ല. വെറുതേ നിങ്ങക്കും ഞങ്ങള്‍ക്കും പണിയുണ്ടാക്കരുത് സൂര്‍ത്തുക്കളേ.
ഇതൊക്കെ ഷെയര്‍ ചെയ്യുന്ന നേരത്ത് കൊറോണ വരാതിരിക്കാന്‍ കൈകള്‍ കഴുകൂ, മാസ്‌ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച് അലഞ്ഞുതിരിഞ്ഞ് നടന്ന് സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേല്‍ അതെഴുതി നാല് പേര്‍ക്കയച്ച് കൊടുത്ത് മാതൃകാമാനവരാകൂ…
പൊതുജനതാല്‍പര്യാര്‍ത്ഥം,