X

ഇറാഖ് തെരഞ്ഞെടുപ്പ്; അബാദിക്ക് തിരിച്ചടി; സദ്‌റിന്റെ സഖ്യത്തിന് അപ്രതീക്ഷിത ലീഡ്

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്‌റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശക്തി അറിയിച്ച് തൊട്ടടുത്തു തന്നെയുണ്ട്.
അന്തിമ ഫലപ്രഖ്യാപനം ഇന്നു പുറത്തുവരാനിരിക്കെ ഇറാഖിന്റെ വിവിധ പ്രവിശ്യകളില്‍ സദ്‌റിന്റെ സഖ്യത്തിനുണ്ടായ മുന്നേറ്റം വലിയ അട്ടിമറിയായിരിക്കുകയാണ്. 2003-2011 കാലങ്ങളില്‍ അമേരിക്കന്‍ അധിനിവേശ സേനക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ ശിയാ നേതാവ് സദ്‌റിന്റെ സഖ്യം ശക്തമായ തരംഗം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുരത്തിയെ ശേഷം ഇറാഖില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമേരിക്കയുടെയും ഇറാന്റെയും ഉറ്റസുഹൃത്താണ് നിലവിലെ പ്രധാനമന്ത്രിയായ ഹൈദര്‍ അല്‍ അബാദി. അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധന കൂടിയായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം ശിയാ സഖ്യങ്ങളുടെ ബലപരീക്ഷണമാണ് ഇറാഖില്‍ നടക്കുന്നത്. ഈ പാര്‍ട്ടികളെല്ലാം ഇറാനുമായി ഉറ്റബന്ധമുള്ളവരാണ്. ഇറാനുമായി ഇറാഖിനെ കൂടുതല്‍ അടുപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അബാദിയെക്കാള്‍ മറ്റു ശിയാ നേതാക്കളാണ്. എന്നാല്‍ ഇറാനെ അകറ്റിനിര്‍ത്തി സ്വന്തം നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന സദ്‌റിന് യുവാക്കളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും പിന്തുണുണ്ട്. കമ്യൂണിസ്റ്റുകളെയും മറ്റ് സ്വതന്ത്ര മതേതര പാര്‍ട്ടികളെയും കൂട്ടിയാണ് സദ്ര്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഇറാഖില്‍ ഐ.എസ് സ്വാധീനമുറപ്പിച്ച ശേഷമാണ് അബാദി അധികാരത്തില്‍ വന്നത്. വീണ്ടും അബാദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുമായും ഇറാനുമായും സമദൂരം പാലിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. ഇറാന്‍ ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതും ഉപരോധങ്ങള്‍ ശക്തമാക്കിയതും അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സദ്‌റിനുണ്ടായ മുന്നേറ്റം എല്ലാംമാറ്റിമറിച്ചിരിക്കുകയാണ്.

chandrika: