X

ബാപ്പയുടെ പകരക്കാരനായി…


സയ്യിദ് സാദിഖലി ശിഹാബ്

1975 ആഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തിന്റെ അടുത്തൊരു വെള്ളിയാഴ്ച. ബാപ്പയുടെ മരണം കഴിഞ്ഞ് ’40’ ആയിരുന്നു. കൊടപ്പനയ്ക്കല്‍ തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയ്ക്കു നടുവില്‍ പൂമുഖപ്പടിക്കു തൊട്ട്, വലിയ ഈട്ടിയില്‍ തീര്‍ത്ത വട്ടമേശ. അതിനടുത്ത് ബാപ്പയിരിക്കാറുണ്ടായിരുന്ന പ്ലാസ്റ്റിക് നെയ്തു തിരിയുന്ന ചക്രക്കസേര. അവിടേക്ക് കോയമോന്‍ ആനയിക്കപ്പെടുന്നു, കുടുംബനാഥനായി. സഹോദരങ്ങളും ബാപ്പയുടെ സഹോദരി മുത്തുബീവി എന്ന അമ്മായിയും എളാമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നാഥനായി.
വിരിക്കപ്പുറം അമ്മായിയും സഹോദരിമാരും മറ്റു കുടുംബിനിമാരും നിറഞ്ഞ കണ്ണുകളും അടക്കിപ്പിടിച്ച തേങ്ങലുകളും കേള്‍പ്പിക്കാതെ കോയമോനെ ചിരിച്ചുകൊണ്ടനുഗ്രഹിച്ചു. പുറത്ത് ബാപ്പയുടെ സന്തതസഹചാരി അഹമ്മദാജി എല്ലാത്തിനും കാര്‍മികത്വം വഹിച്ചു. ഇളയ സഹോദരന്മാരും നാട്ടുകാരണവന്മാരും ആ ആരോഹണത്തിന് സാക്ഷികളായി നിശബ്ദരായി നിന്നു. ആ നിശബ്ദത ഒരു കുന്നുപോലെയായിരുന്നു. ബാപ്പയുടെ ഓര്‍മകളില്‍ തട്ടി പ്രതിധ്വനിച്ച് ഇരുട്ടുപോലൊരു നിശബ്ദത. ആ ഇരുട്ടിനെ കീറിമുറിച്ചൊരു ഫാത്തിഹ വിളി. ആ ഫാത്തിഹയുടെ പ്രകാശത്തില്‍ ഇത്രയും കാലം ബാപ്പ മാത്രമിരുന്ന കസേരയില്‍ മൂത്ത മകന്റെ ആരോഹണം ആ പ്രാര്‍ഥനയില്‍ തുടങ്ങി.
അടുത്ത സെപ്തംബറില്‍ ബാപ്പ വഹിച്ചിരുന്ന മുസ്‌ലിംലീഗിന്റെ പ്രസിഡണ്ടായി നിയമിക്കപ്പെട്ടു ഇക്കാക്ക. ബാപ്പയുടെ മാനസങ്ങളില്‍ നിറഞ്ഞുനിന്ന ജാമിഅഃയുടെ സെക്രട്ടറിയായി. പിന്നീട് പ്രസിഡണ്ടായി.
അങ്ങനെ ഓരോരോ പദവികളിലേക്ക് ബാപ്പയുടെ പകരക്കാരനായി ചുമതലകളുടെ ഭാരങ്ങളുമായി ഒരു ജീവിതത്തിന്റെ മെല്ലെ മെല്ലെയുള്ള തുടക്കം.

web desk 1: