പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന പോലെ അനുഭവപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളോ മനസ്സിലെന്തെങ്കിലും ആധിയോ കടന്നു വരുമ്പോള്‍ കൊടപ്പനക്കലെ വീട്ടില്‍ അദ്ദേഹമുണ്ടെന്നും ഒന്നു ചെന്നു കണ്ടാല്‍ എല്ലാം പരിഹൃതമാകുമെന്നും തോന്നും. പക്ഷേ 2009 ആഗസ്ത് ഒന്ന് ആ ധന്യജീവിതത്തിനു വിരാമം കുറിച്ച ദിവസമാണ്. ചെറുപ്പകാലത്ത് തുടങ്ങി മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മാറുന്നതു വരെ ആ ജീവിതം തിരക്കേറിയതും ചുറ്റിലും സ്‌നേഹജനങ്ങളില്‍ നിറഞ്ഞതുമായിരുന്നു. തനിച്ചിരിക്കുന്ന ഇക്കാക്കയെ സങ്കല്‍പ്പിക്കാനാവില്ലായിരുന്നു. ദുരന്തസംഭവങ്ങളിലും അടുപ്പമുള്ളവരുടെ വേര്‍പാട് വേളയിലും ആ മുഖത്ത് വിഷാദം നിറഞ്ഞു കണ്ടിട്ടില്ല. എന്നും മന്ദഹസിച്ച് മറ്റുള്ളവര്‍ക്കായി സമയം കരുതിവെച്ച് ജീവിച്ചു.
സമൂഹത്തിലെ ദുര്‍ബല ജനതയോടുള്ള കരുതലായിരുന്നു ശിഹാബ് തങ്ങള്‍ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളില്‍ ഇത്രമാത്രം ഉയരത്തില്‍ സ്ഥാപിച്ചത് എന്ന് കാണാനാവും. ഒരു സഹോദരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ മനസ്സിലാദ്യം തെളിയുന്നതും കഷ്ടപ്പെടുന്നവരോടുള്ള ആ അനുകമ്പയും അവര്‍ക്കു നല്‍കുന്ന പരിഗണനയും പരിചരണവുമാണ്. പാരമ്പര്യവുമായി ഇതു ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. വിശുദ്ധഖുര്‍ആനിന്റെ തത്വങ്ങളും പ്രവാചക(സ) ജീവിതത്തിലെ പാഠങ്ങളും അനുസരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയില്‍ ഉണ്ടാവേണ്ട അനിവാര്യ ഗുണങ്ങളുമാണിത്.
അതുതന്നെയാണ് പിതാമഹന്‍മാരില്‍ നിന്നും വന്ദ്യപിതാവില്‍ (പാണക്കാട് പൂക്കോയ തങ്ങള്‍) നിന്നും കൈമാറി കിട്ടിയതും. പക്ഷേ പുതിയകാലത്ത് അതു സൂക്ഷ്മതയോടെ കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. ഞങ്ങള്‍ക്കിടയില്‍ പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. കുട്ടിക്കാലം തൊട്ട് വലിയ സ്‌നേഹവും പരിലാളനവും അദ്ദേഹത്തില്‍ നിന്നു കിട്ടി. നാടു മുഴുവന്‍ അതിരറ്റ ആദരവോടെ ഇന്ന് ഓര്‍മ്മിക്കുന്ന ആ വ്യക്തിയുടെ കൈപിടിയിലായിരുന്നുവല്ലോ ബാല്യം കടന്നു പോയത് എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുകയാണ്.
കുളിക്കാന്‍, നീന്തല്‍ പഠിക്കാന്‍, കളിക്കാന്‍, വിദ്യാലയത്തില്‍ പോകാന്‍, വിരുന്നിന് എല്ലാം ആ വിരലില്‍ തൂങ്ങി നടന്നിട്ടുണ്ട്. പിന്നെ 1958 ല്‍ അദ്ദേഹം ഉപരിപഠനത്തിന് ഈജിപ്തിലേക്ക് പോയി. എട്ടുവര്‍ഷം അവിടെ പഠിച്ചു. ലോകപ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും കെയ്‌റോ യൂണിവേഴ്‌സിറ്റിയിലും. വര്‍ഷം കൂടുമ്പോഴാണ് നാട്ടിലൊന്നു വരിക. അല്ലെങ്കില്‍ കത്തുകളയക്കും. അതിനായി കാത്തിരിക്കും. ഇക്കാക്ക വരുന്നു എന്ന് കേള്‍ക്കുന്നത് പെരുന്നാള്‍ അടുക്കുന്നതു പോലെ ആഘാഷമാണ് മനസ്സിന്.
ഒരിക്കല്‍ അവധിക്ക് വരുമ്പോള്‍ കൊണ്ടുവന്ന ടേപ്പ് റിക്കാര്‍ഡര്‍ നാട്ടിലാകെ കൗതുകമായി. പാണക്കാട് വെറും ഗ്രാമമാണല്ലോ! അവിടെയുള്ള ആളുകളുടെ സംസാരം റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം പറഞ്ഞറിയിക്കാനാവില്ല. അങ്ങനെ എല്ലാം കൊണ്ടും മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിച്ചതായിരുന്നു ആ ജീവിതം.
പരസ്‌നേഹത്തിന്റെയും പരമത ബഹുമാനത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ അദ്ദേഹം കേരളത്തിലെ പൊതുജീവിതത്തിന് കൂടുതല്‍ തെളിമയോടെ പരിചയപ്പെടുത്തി. മതമൈത്രി തകരാതെ സൂക്ഷിക്കാന്‍ ആരോഗ്യം പോലും മറന്ന് ഓടി നടന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിന് നിലകൊണ്ടു.
1975 ജൂലൈ 6ന് വന്ദ്യപിതാവ് അന്തരിച്ചപ്പോള്‍ വഹിച്ചിരുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയും നൂറു കണക്കിന് മഹല്ലുകളുടെ ഖാസിസ്ഥാനവും മറ്റു ഉത്തരവാദിത്തങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും ജാമിഅ: നൂരിയ്യയുടെ സാരഥിയുമായി. അതോടൊപ്പം കുടുംബത്തിന്റെ നാഥനായി. സഹോദരങ്ങളുടെ വിദ്യാഭ്യാസം, പഠനം എന്നിവയിലെല്ലാം ശ്രദ്ധാലുവായി.
നാടിന്റെയും സമുദായത്തിന്റെയും നേതൃത്വം വഹിച്ചു. മത, ദേശ ഭേദമില്ലാതെ കൊടപ്പനക്കലെത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി. തന്റെ സാന്നിധ്യം ഉണ്ടാവേണ്ടിടത്തെല്ലാം ഓടിയെത്തി. സംസ്ഥാനത്തിന്റെ അതിരുകള്‍ കടന്ന് ദേശീയ തലത്തില്‍ വരെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഈജിപ്തിലെ പഠനകാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുനാസറിനെയുമൊക്കെ പരിചയപ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് നിരവധി ഇന്ത്യന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദത്തിലായി.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകൂ എന്ന് സദാപ്രസംഗിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. സമാധാനത്തെ കുറിച്ചാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചതും ഉത്കണ്ഠപ്പെട്ടതും. ബാബ്‌രി മസ്ജിദ് സംഭവമുള്‍പ്പെടെ രാജ്യത്തെ ഏത് സങ്കീര്‍ണ ഘട്ടവും കേരളത്തില്‍ സമാധാന ഭംഗം വരുത്താതിരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. രാജ്യപുരോഗതിയില്‍ വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തി. മുസ്‌ലിംലീഗ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമുള്ള നിലയിലേക്ക് പാര്‍ട്ടി വളര്‍ന്നു. അങ്ങനെ സൗമ്യമായി നിന്ന് നാടിനെ ഉയരങ്ങളിലേക്ക് നയിച്ച ആ വ്യക്തിത്വം എക്കാലത്തേക്കുമുള്ള മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം കണ്‍മറഞ്ഞു എന്ന് തോന്നാത്തവിധം ബൈത്തുറഹ്മകളും ആതുര സേവനങ്ങളും കുടിവെള്ളവുമെല്ലാമായി നാട് ആ സ്മരണയെ നിലനിര്‍ത്തുന്നത്. രാജ്യം തപാല്‍സ്റ്റാമ്പ് ഇറക്കി ആദരിച്ചത്. സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തെയും നമ്മെയും ഒരുമിച്ച് ചേര്‍ക്കട്ടെ……….