X

സാക്ഷിയും കാര്‍മ്മികനുമായി…


പി.കെ കുഞ്ഞാലിക്കുട്ടി

പഠനം കഴിഞ്ഞ് പൊതുരംഗത്ത് സജീവമാവുന്ന കാലം. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്പിന്നിംഗ് മില്‍ ആരംഭിക്കുന്നു. തദ്ദേശീയരായ നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന വ്യാവസായിക സംരംഭം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചീഫ് പ്രൊമോട്ടര്‍. പ്രൊമോട്ടര്‍മാരിലൊരാളായി ഞാനും. അന്നു തുടങ്ങിയതാണ് ഒന്നിച്ചുള്ള യാത്രകള്‍; ജീവിതവും. സുഖദുഃഖങ്ങളിലും ഉയര്‍ച്ച താഴ്ചകളിലും പ്രതിസന്ധി കളിലും കൈവിടാതെ കൂടെയുണ്ടായിരുന്നു. എന്റെ ഓരോ ദിനവും പാണക്കാട്ടുനിന്ന് തുടങ്ങി; അവിടെയവസാനിച്ചു. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ സാക്ഷിയും കാര്‍മികനുമായി അദ്ദേഹം മുന്നില്‍ നിന്നു. മഹാസമ്മേളനങ്ങള്‍, ഭാഷാസമരം, വന്‍ദുരന്തങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, മന്ത്രിസഭകള്‍, മുഖ്യമന്ത്രിമാരുടെ മാറ്റം, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതുപോലെ ദേശീയ രാഷ്ടീയമാകെ പ്രതീക്ഷിക്കുന്ന നിലപാടുകളുടെ രൂപീകരണം തുടങ്ങിയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഏറെ കടന്നുപോയി.
രാഷ്ട്രീയത്തില്‍ പുതുമുഖമായി ഉന്നതപദവി ഏറ്റെടുക്കുന്ന തങ്ങള്‍. അരോഗദൃഢഗാത്രന്‍. സുസ്‌മേരവദനം. സംഗീതവും ചരിത്രവും കഥയും കവിതയും യാത്രകളും ഇഷ്ടപ്പെടുന്ന തങ്ങള്‍. യാത്ര ചെയ്യുന്ന നാടിന്റെ അഞ്ഞൂറു കൊല്ലത്തെയെങ്കിലും ചരിത്രവും പൗരാണികതയും സവിശേഷതകളും കൂടെയുള്ളവര്‍ക്ക് നിര്‍ത്താതെ വിവരിച്ചുകൊടുക്കുന്ന തങ്ങള്‍, വിദ്യാഭ്യാസം തന്നെ ഒരു ദീര്‍ഘയാത്ര. യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് തുടങ്ങി ലോകരാഷ്ട്രങ്ങള്‍ മിക്കതും ചുറ്റിയ സഞ്ചാരപ്രിയന്‍. വിവരണങ്ങള്‍ക്കും വിശകലനത്തിനുമൊതുങ്ങാത്തതാണ് ആ അനുഭവസാക്ഷ്യങ്ങള്‍. പാണക്കാട്ടെ നാട്ടുവഴികള്‍തൊട്ട് ലോകമെങ്ങും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു ഞാനും. പക്ഷേ, ഒന്നിച്ചുള്ള എല്ലാ യാത്രകളും അനുഭവങ്ങളും അവസാനിപ്പിച്ച്, 2009 ആഗസ്റ്റ് ഒന്നിന് അദ്ദേഹം തനിച്ചു പുറപ്പെട്ടു.

web desk 1: