ലുഖ്മാന്‍ മമ്പാട്
കെ മുരളീധരന്‍ എംപിയുടെ ശിഹാബ് തങ്ങള്‍ ഓര്‍മ്മ
പതിനാലാം രാവ് പോലെ ഉദിച്ചുയര്‍ന്ന് പൂ നിലാവിന്റെ പ്രഭപരത്തി മന്ദസ്മിതം അസ്തമിച്ചിട്ട് വര്‍ഷം പതിനാല്. മത രാഷ്ട്രീയ വൈജ്ഞാനിക രംഗങ്ങളിലാകെ മൂന്നര പതിറ്റാണ്ടിന്റെ കര്‍മ്മ ചൈതന്യം വിതറിയ കൊടപ്പനക്കല്‍ നിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയ യാത്രയപ്പിന് സാക്ഷ്യം വഹിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ഷികത്തലേന്ന് കെ മുരളീധരന്‍ ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു…
കോഴിക്കോട്ടെ പ്രൗഢമായ ചടങ്ങ്. മലയാളത്തിന്റെ അക്ഷര പുണ്യം എം.ടി വാസുദേവന്‍ നായരാണ് പ്രസംഗിക്കാന്‍ എണീറ്റത്. കാര്യമാത്രപ്രസക്തമായത് മാത്രം സംസാരിക്കുന്ന അദ്ദേഹത്തില്‍ നിന്ന് സംഘാടകരെയോ അതിഥികളെയോ പ്രശംസിക്കുന്നൊരു വാക്ക് അത്യപൂര്‍വ്വം. പതിവ് ഗൗരവത്തോടെ സദസ്സിനോടായി പറഞ്ഞു തുടങ്ങിയ എം.ടി, ഒന്ന് പിറകോട്ട് തിരിഞ്ഞു; കൈചൂണ്ടി. അല്‍പം കനത്തില്‍ ഇങ്ങനെ തുടര്‍ന്നു; ‘കേരളത്തിന്റെ മണ്ണില്‍ പലരും വിതച്ച വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളക്കാതിരുന്നത് ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ടാണ്. ഈ മനുഷ്യന്റെ ജീവിതം നിങ്ങള്‍ രേഖപ്പെടുത്തണം…’ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലേക്ക് എല്ലാ കണ്ണുകളും നീണ്ടു. തന്നെക്കാള്‍ വയസ്സില്‍ മുതിര്‍ന്ന ഇന്ത്യയുടെ ജ്ഞാനപീഠത്തില്‍ നിന്നാണ് വചസുകള്‍; അപ്പോഴും പൂര്‍ണ്ണ ചന്ദ്രനെപ്പോലെ നറുപുഞ്ചിരിയോടെ ഭാവഭേദമൊന്നുമില്ലാതെ അദ്ദേഹം ഇരിക്കുന്നു. ‘മതം, സമൂഹം, സംസ്‌കാരം’ എന്ന ശിഹാബ് തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുന്ന മുഹൂര്‍ത്തെക്കുറിച്ചാണ് പറഞ്ഞത്.
എപ്പോഴാണ് ഞാന്‍ ആദ്യമായി ശിഹാബ് തങ്ങളെ കാണുന്നത്. ആ ദിനം ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിയുന്നു. 1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം മന്‍മോഹന്‍ ബംഗ്ലാവിലിരിക്കുകയായിരുന്നു. അച്ഛന്റെ (കെ കരുണാകരന്‍) കൂടെ യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്കിരിക്കുമ്പോഴാണ് അദ്ദേഹം സി.എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം കടന്നു വരുന്നത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായി വര്‍ഷം ഒന്നു കഴിഞ്ഞതേയൊള്ളൂ. യുവത്വവും തേജസുമുറ്റിയ നാല്‍പതുകാരനിലേക്ക് എന്തോ എന്നെ വല്ലാതെ ഹൃദയംകൊണ്ട് അടുപ്പിച്ചു. കൈകൊടുത്തപ്പോള്‍ അച്ഛന്‍ എന്നെ പരിജയപ്പെടുത്തി. അന്നു തൊട്ട് അവസാനം വരെ പുത്രവാല്‍സല്യത്തോടെ എന്നെ ഹൃദയത്തോടെ ചേര്‍ത്തുവെച്ചു.
അച്ഛനും ശിഹാബ് തങ്ങളെ വല്ലാത്ത ഇഷ്ടമായിരുന്നു; മതിപ്പും. ഒരിക്കല്‍ പോലും അച്ഛന്‍ ശിഹാബ് തങ്ങളെ കുറിച്ച് ബുഹമാനം കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. യു.ഡി.എഫ് യോഗങ്ങളില്‍ കീറാമുട്ടിയായ പല വിഷയങ്ങളിലും ശിഹാബ് തങ്ങളുടെ താല്‍പര്യത്തിനും തീര്‍പ്പിനും അദ്ദേഹം സമ്മതം മൂളിയിരുന്നു. അതിലൊരു ശരിയുണ്ടെന്നും നല്ലതിനാണെന്നും പലരെയും പോലെ അച്ഛനും സന്തോഷത്തോടെ ഉള്‍ക്കൊണ്ടു. അച്ഛന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചവരില്‍ ആദ്യ സ്ഥാനം തീര്‍ച്ചയായും ശിഹാബ് തങ്ങള്‍ക്കാണ്. എന്റെ വലിയൊരു ശക്തിയും പിന്‍ബലവുമായിരുന്നു തങ്ങള്‍. അദ്ദേഹത്തില്‍ നിന്ന് പലതും പകര്‍ത്താന്‍ ശ്രമിച്ചപ്പോഴും വഴുതിപ്പോയിട്ടുണ്ട്. പല മുസ്്ലിംലീഗ് നേതാക്കളോടും ഞാന്‍ ആവര്‍ത്തിക്കുന്നൊരു ചോദ്യമുണ്ട്; ശിഹാബ് തങ്ങള്‍ ദേശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെന്നാലെ ഒരുത്തരവും മക്കളായ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും സന്തത സഹചാരിയായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഡോ.എം.കെ മുനീറും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിട്ടില്ല. ക്ഷമയും ഒരാളെയും വേദനിപ്പിക്കാത്ത വാക്കും മുറുകെ പിടിച്ച് ജീവിച്ച് തീര്‍ത്തു വെന്നത് എത്ര അതിശയകരമാണ്.
പാരമ്പര്യത്തിന്റെ ഗരിമ
അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ നാല്‍പതാം തലമുറയില്‍ പെട്ട വ്യക്തിത്വമാണല്ലോ ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍ അറബി നാടായ ഹളര്‍മൗത്തില്‍ നിന്നാണ് കേരളത്തിലെത്തിയത്. ജനസേവനമായിരുന്നു അവരുടെ മുഖമുദ്ര. വളരെ വേഗം ജനങ്ങളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റാന്‍ അവര്‍ക്കായി. ബ്രിട്ടീഷുകാര്‍ക്കെതിരെ സന്ധിയില്ലാതെ സമരം നയിച്ച് വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ട സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ മകനാണ് ശിഹാബ് തങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയതങ്ങള്‍. അച്ഛന്റെ ഇഷ്ടക്കാരനായിരുന്ന അദ്ദേഹത്തെയും കാണാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്.
1936 ലാണ് പി.എം.എസ്.എ പൂക്കോയതങ്ങള്‍ – ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. പാണക്കാട്ടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1947ല്‍ സ്വാന്ത്രദിന വര്‍ഷം കോഴിക്കോട്ടേക്ക് പഠനം മാറ്റി. അമ്മായിയുടെ വീട്ടില്‍ നിന്ന് എം.എം.ഹൈസ്‌കൂളില്‍ പോയി പഠിക്കുമ്പോള്‍ തന്നെ ഫുട്ബാളും പാട്ടുമെല്ലാം ഇഷ്ടമായിരുന്നു. 1953 ല്‍ എസ്.എസ്.എല്‍.സി വിജയിച്ച് ഏതാനും വര്‍ഷം മലപ്പുറം ജില്ലയിലെ തലക്കടത്തൂരിലെയും തോഴന്നൂരിലെയും കാനാഞ്ചേരിയിലയും പളളിയില്‍ നിന്ന് അഞ്ചു വര്‍ഷത്തോളം മതവും അറബിയും ആഴത്തില്‍ പഠിച്ചു. തുടര്‍ന്ന് 1958 ലാണ് ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് പോയത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും പഠനം നടത്തി ബിരുദങ്ങള്‍ നേടി. വലിയ ശമ്പളത്തില്‍ അവിടെ ജോലി ശരിയായെങ്കിലും പിതാവിന്റെ നിര്‍ദേശം പാലിച്ച് 1966ല്‍ നാട്ടിലേക്ക് മടങ്ങി.
എല്ലാ അര്‍ത്ഥത്തിലുമുള്ള പണ്ഡിതനായി പാകപ്പെട്ടാണ് മുപ്പതാം വയസ്സില്‍ അദ്ദേഹം വീട്ടിലെത്തുന്നത്. ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലും ഉര്‍ദുവിലുമെല്ലാം മലയാളത്തിലെന്നപോലോ പ്രസംഗിക്കാനും എഴുതാനും കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ദേശീയ കോണ്‍ഗ്രസ്സ് നേതാക്കളുമായി ശിഹാബ് തങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ നേരിട്ട് കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സ്വാഭാവികമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന് മറ്റിടനിലക്കാരുടെ ആവശ്യമുണ്ടായിരുന്നില്ല. ലോകത്തെ ഏതു രാജ്യക്കാരുമായും സംവദിക്കാന്‍ കഴിയുന്ന നേതാവായി മൗലാനാം അബുല്‍കലാം ആസാദിനെപ്പോലെ ശിഹാബ് തങ്ങളെയും ഞാന്‍ തിരിച്ചറിഞ്ഞു. പരന്ന വായനയും ആഴത്തിലുള്ള അറിവും പാരമ്പര്യമായി ലഭിച്ച സ്വഭാവ ഗുണങ്ങളുമെല്ലാം ചേര്‍ന്നപ്പോഴാവണം നമ്മുടെ കാലത്തിന് ഇതുപോലൊരു ശിഹാബ് തങ്ങളെ ലഭിച്ചത്.
അദ്ദേഹത്തിന്റെ സഹോദരങ്ങളായ വിടപറഞ്ഞു പോയ ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ പോലെ ഇപ്പോള്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളുമായും മക്കളായ ബഷീറലി, മുനവ്വറലി തങ്ങളുമായുമെല്ലാം സഹോദര തുല്ല്യമായ സ്നേഹ ബന്ധമുള്ളതും എന്റെ പുണ്യമായാണ് കാണുന്നത്. ശിഹാബ് തങ്ങള്‍ പ്രസരിപ്പിച്ച നന്മയുടെ പ്രകാശം ഇവരിലൂടെ നാം ഇപ്പോഴും അനുഭവിച്ചറിയുന്നു.
കൊടപ്പനക്കലെ സ്നേഹത്തണല്‍
സ്നേഹവും സാന്ത്വനവും കലവറയില്ലാതെ പെയ്യുന്നൊരു താഴ്വരയെ കുറിച്ച് സ്വപ്നം കാണാറുണ്ടോ. ഔദ്യോഗിക സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എത്രയോ തവണ കൊടപ്പനക്കല്‍ തറവാട്ടില്‍ പോയിട്ടുണ്ട്; സംഘടനാ കാര്യത്തിനും സ്വകാര്യ സംഭാഷണത്തിനും പോയിട്ടുണ്ട്. എല്ലായിപ്പോഴും ഒരേ സ്വീകരണമാണ് ലഭിച്ചത്. എനിക്ക് മാത്രമല്ല, അവിടെ എത്തുന്ന ഓരോരുത്തര്‍ക്കും സ്വന്തം ഭവനത്തിലേക്കെന്നവണ്ണം കയറിച്ചെല്ലാമെന്നതാണ് പാണക്കാട്ടെ പ്രത്യേകത. പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും എത്തുന്നവരെ കണ്ട് മിഴിച്ചിരുന്നിട്ടുണ്ട്. ചൊവ്വാഴ്ച ആകസ്മികമായി എത്തിപ്പെട്ടാല്‍ മഹാ സമ്മേളനമാണോയെന്ന് ധരിക്കേണ്ടി വരും. ആരോടും മുഷിപ്പില്ലാതെ സാന്ത്വനവും പരിഹാരവും പകര്‍ന്ന് എല്ലാവരെയും യാത്രയാക്കുന്നത് കണ്ട് കണ്ണീര്‍ പൊഴിച്ചിട്ടുണ്ട്. മുസ്ലിംലീഗ് അവസാന വാക്കായ നേതാവ് എന്നതിനോടൊപ്പം നൂറുക്കണക്കിന് മഹല്ലുകളെയും സ്ഥാപനങ്ങളെയും ജാഗ്രതയോടെ അദ്ദേഹം നയിച്ചു.
തീവ്രവാദത്തിന്റെയോ ഭീകരതയുടെയോ തരിമ്പും ലാഞ്ചനയില്ലാതെ അവരെ വളര്‍ത്തി വലുതാക്കി. സാമൂദായിക മൈത്രിയെ മറ്റെല്ലാത്തിനെക്കാള്‍ മഹിതമായി അദ്ദേഹം കണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനുമപ്പുറം വ്യക്തി എന്ന നിലയിലും താന്‍ നയിക്കുന്ന സംഘടന ഉത്തരവാദിത്വത്തിലും മാനവികത ഉറപ്പാക്കി. ബാബരി മസ്ജിദ് ധ്വംസന കാലത്ത് കൈവിട്ടു പോകുമോ എന്ന ആശങ്കപ്പെട്ട കാലത്ത് ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടല്‍ ചരിത്രമാണ്. മിതവാദത്തിന്റെ പേരില്‍ മുസ്ലിംലീഗിന് രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ചിലര്‍ അദ്ദേഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എത്ര നഷ്ടങ്ങളുണ്ടായാലും തീവ്രതയോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കാലം ശരിവെച്ചു. അങ്ങാടിപ്പുറം ക്ഷേത്ര നടയിലും പൂന്തുറയിലും നാദാപുരത്തുമെല്ലാം ശാന്തിമന്ത്രം കൊണ്ടാണ് ശിഹാബ് തങ്ങള്‍ തീ കെടുത്തിയത്.
ശിഹാബ് തങ്ങളുടെ വിയോഗപ്പിറ്റേന്നത്തെ മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ ഇവിടെ പകര്‍ത്തിയാല്‍ നന്നാവും: ‘ബാഫഖി തങ്ങള്‍ക്കോ പാണക്കാട് പൂക്കോയ തങ്ങള്‍ക്കോ സി.എച്ച് . മുഹമ്മദ് കോയക്കോ നേരിടേണ്ടിവന്നിട്ടില്ലാത്തത്ര വലിയൊരു പ്രതിസന്ധിയെ പാണക്കാട് ശിഹാബ് തങ്ങള്‍ കൃതഹസ്തതയോടെ കൈകാര്യം ചെയ്തുവെന്നത് മറന്നുകൂടാ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഏറ്റവും വലിയ വെല്ലുവിളി ഉണ്ടാവുകയും ഇന്ത്യയുടെ പല ഭാഗങ്ങളും കത്തിയെരിയുകയും ചെയ്തപ്പോള്‍ സമുദായത്തിന്റെ ദുഃഖത്തില്‍ മനംനൊന്ത് കരഞ്ഞെങ്കിലും തീവ്രവാദത്തെ സഹ്യനിപ്പുറത്തേക്ക് കടക്കാതെ തടഞ്ഞു നിര്‍ത്തിയെന്നതാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ വിജയം (മലയാള മനോരമ: 2009 ഓഗസ്റ്റ് 2)
എന്റെ സൗഭാഗ്യം
എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അനുഗ്രഹമായി നിന്ന പിതൃതുല്ല്യനായ മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. എന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പിന്നില്‍ എക്കാലവും ശിഹാബ് തങ്ങളുണ്ടായിരുന്നു. 1977 മുതല്‍ പരസ്പരം അറിയാമെങ്കിലും 1989ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ കോഴിക്കോട്ട് മല്‍സരിക്കുമ്പോഴാണ് ശിഹാബ് തങ്ങളുമായി കൂടുതല്‍ അടുത്തത്. കോഴിക്കോട്ട് സി.പി.എമ്മിന്റെ ഉജ്വലനായ നേതാവ് ഇമ്പിച്ചിബാവക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മല്‍സരിക്കാനെത്തിയത് ശിഹാബ് തങ്ങളുടെ ആശീര്‍വാദത്തോടെയായിരുന്നു. സജീവമായി രംഗത്തുണ്ടായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് ശിഹാബ് തങ്ങളുടെ പര്യടനത്തോടെ വര്‍ധിത ഊര്‍ജ്ജ്വമാണ് ലഭിച്ചത്. ശിഹാബ് തങ്ങളുടെ മണ്ഡല പര്യടനം ജനത്തെ ഇളക്കി; എട്ടു പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്.
1999ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് എല്‍.ഡി.എഫിനു വേണ്ടി ജനതാദള്ളിലെ സി.എം ഇബ്രാഹിമായിരുന്നു പ്രധാന എതിരാളി. വര്‍ഗീയകാര്‍ഡും വ്യക്തിഹത്യയും എല്‍.ഡി.എഫ് പുറത്തെടുത്തപ്പോള്‍ യു.ഡി.എഫ് വല്ലാതെ വിയര്‍ത്തു. നട്ടെല്ലിന് കലശലായ വേദന കാരണം ഡോക്ടര്‍മാര്‍ ശിഹാബ് തങ്ങള്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ച സമയമായിരുന്നു. കോഴിക്കോട്ടെ സ്ഥതിഗതികള്‍ വിലയിരുത്തിയ ശിഹാബ് തങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാട്ടില്‍ ഉള്‍പ്പെടെ നടത്തിയ പര്യടനം യു.ഡി.എഫിനെ വിജയതീരത്തെത്തിച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് അകന്ന് പ്രവര്‍ത്തിച്ചപ്പോഴും ശിഹാബ് തങ്ങളോടുള്ള വ്യക്തബന്ധം കാത്തു സൂക്ഷിച്ചിരുന്നു. യു.ഡി.എഫില്‍ തിരിച്ചെത്തിയ ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്ന് മത്സരിച്ചത്. അപ്പോള്‍, ചികില്‍സാര്‍ത്ഥം ശിഹാബ് തങ്ങള്‍ അമേരിക്കയിലായിരുന്നു. കൊടുവള്ളിയില്‍ യു.ഡി.എഫ്. പിന്തുണയോടെ മല്‍സരിക്കുമ്പോള്‍ ശിഹാബ് തങ്ങളുടെ അസാന്നിദ്ധ്യം എന്നെ പ്രയാസപ്പെടുത്തി. ശിഹാബ് തങ്ങള്‍ പ്രചാരണ രംഗത്തില്ലാത്ത എന്റെ ആദ്യത്തെ മല്‍സരമായിരുന്നു അത്. ആ സമയത്ത് തങ്ങള്‍ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷവും ഏതു പരീക്ഷണ ഘട്ടങ്ങളിലും ആ മുഖം എന്റെ മനസ്സില്‍ തെളിയും. വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വടകര ലോക്സഭാ തിരഞ്ഞെടുപ്പിലുമെല്ലാം ശിഹാബ് തങ്ങളുടെ അനുഗ്രവും അദൃശ്യ സാന്നിധ്യവുമാണ് വിജയത്തിന്റെ ഒരു ഘടകമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മുഖ്യമന്ത്രിയായിരിക്കെ 1992 ല്‍ കാറപകടത്തില്‍ പരിക്കേറ്റ് അച്ഛന് ചികില്‍സക്ക് വിദേശത്തു പോയിരിക്കുന്നു. കോണ്‍ഗ്രസ്സിനകത്ത് അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായ ഘട്ടമാണ്. ഗ്രൂപ്പ് വടംവലി പാരമ്യത്തിലായിരുന്നു. ഒരു വീട്ടില്‍ രണ്ട് അടുക്കളയെന്ന പ്രതീതി. കരുണാകരന്‍ തിരിച്ചെത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കുകൊടുക്കുമെന്ന പ്രശ്നം പുകയുന്നു. ഡല്‍ഹിയില്‍ ചര്‍ച്ച ചൂടുപടിക്കുന്നു. അന്ന് ഡല്‍ഹിയിലുണ്ടായിരുന്ന ശിഹാബ് തങ്ങളെ ഞങ്ങള്‍ നേരിട്ട് കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആയിരക്കണക്കിന് നാട്ടു മധ്യസ്ഥത നടക്കുന്ന ഹൈക്കോടതി വരെ തീര്‍പ്പിന് വിടുന്ന ശിഹാബ് തങ്ങള്‍ ഇടപെട്ട ആ പ്രശ്നം രമ്യമായി പരിഹരിച്ചു.
നിറ ദീപം
രാഷ്ട്രീയ മത വൈജ്ഞാനിക രംഗങ്ങളില്‍ ഒരു പോലെ തിളങ്ങി നിന്ന ശിഹാബ് തങ്ങളെ ഏതെങ്കിലും ഒന്നിലേക്ക് ചുരുക്കാന്‍ സാധിക്കില്ല. പ്രവാചക പരമ്പരയില്‍ പെട്ട ഉന്നത പണ്ഡിതനായ ശിഹാബ് തങ്ങളെ ആത്മീയാചാര്യനായി മുസ്ലിംകളില്‍ വലിയൊരു വിഭാഗം കരുതിയിരുന്നു. മുസ്ലിം ഇതര വിഭാഗത്തിലും അങ്ങനെ കരുതകയും അനുഗ്രം തേടുകയും ചെയ്തിരുന്ന എത്രയോ പേരെ എനിക്കറിയാം. ശിഹാബ്തങ്ങളുടെ ആത്മീയ പരിവേഷത്തെ ചൊല്ലി ഒരു കോണ്‍ഗ്രസ്സ് നേതാവ് ഉയര്‍ത്തിയ വിമര്‍ശം യു.ഡി.എഫിലും പ്രശ്നങ്ങളുണ്ടാക്കി. അന്ന് കെ.പി.സി.സി. പ്രസിഡണ്ടായിരുന്നു ഞാന്‍.
വളരെ കര്‍ശനവും കണിശവുമായ നിലപാട് അപ്പോള്‍ ഞാന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കള്‍ പലരും കേരളത്തിലെത്തുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍ അവരെ അങ്ങോട്ട് ചെന്ന് കാണാറാണ് പതിവ്. എന്നാല്‍ ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെ വീട്ടില്‍ ചെന്നു കാണുന്നത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഒരു ആത്മീയ ആചാര്യന്‍ കൂടി ആയതിനാലാണ്. ഇത് എല്ലാവരും ഓര്‍ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളോട് എന്റെ നിര്‍ദേശം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്.
ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായതിന്റെ 25ാം വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാന്‍ വേണ്ടി മാത്രം എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധി കോഴിക്കോട്ടെത്തിയത് കേന്ദ്രനേതൃത്വം ശിഹാബ് തങ്ങളെ എത്രമാത്രം ആദരിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു. 2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട് കടപ്പുറത്തെ പ്രചരണ വേദിയില്‍ കെ കരുണാകരന്‍, എ.കെ ആന്റണി എന്നിവര്‍ക്കൊപ്പം ശിഹാബ് തങ്ങള്‍ക്ക് ഇരിപ്പിടം നല്‍കി, സോണിയാ ഗാന്ധിയെ അതിഥിയെന്ന നിലയില്‍ ഒറ്റക്കസേരയില്‍ മുമ്പിലാണ് ഇരുത്തിയത്. എന്നാല്‍, സോണിയാ ഗാന്ധി ഒരു കസേര വലിച്ചിട്ട് ശിഹാബ് തങ്ങളെ വേദിയില്‍ ഒപ്പം ഇരുത്തിയത് ആദരവിന്റെ വിളംബരമായിരുന്നു. എനിക്ക് വെറും രാഷ്ട്രീയക്കാരന്‍ ആയിരുന്നില്ല ശിഹാബ് തങ്ങള്‍.
മുസ്ലിംലീഗില്‍ പ്രശ്നങ്ങളില്ലാതെ ഒന്നിച്ചു കൊണ്ടുപോവാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. മുസ്ലിംലീഗിലേക്ക് അഖിലേന്ത്യാ ലീഗ് തിരിച്ചുവന്ന ശേഷം അങ്ങനെയൊരു പിളര്‍പ്പ് ഉണ്ടായിട്ടേ ഇല്ലെന്ന തരത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നതാണ് ശിഹാബ് തങ്ങള്‍ കൈവരിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയമായി എനിക്ക് തോന്നിയിട്ടുളളത്. പിളര്‍പ്പും വിഭാഗീയതയുമുണ്ടായ ഏതൊരു സംഘടനയിലും പിന്നീട് യോജിപ്പുണ്ടായാലും ആ ഭിന്നത മുഴച്ചുനില്‍ക്കാറുണ്ട്. ശിഹാബ് തങ്ങളെക്കുറിച്ച് ഒരു ട്രെയിന്‍ യാത്രക്കിടയില്‍ സംസാരിച്ചപ്പോള്‍ മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനോട് ഞാന്‍ ലീഗിലെ പിളര്‍പ്പും ഐക്യവും സൂചിപ്പിച്ചു. അങ്ങനെ ഒരു കാലമുണ്ടായിരുന്നുവെന്ന് പോലും ഞാനിപ്പോള്‍ മറന്നു പോയെന്നായിരുന്നു ഇ.ടിയുടെ മറുപടി. എല്ലാവര്‍ക്കും അത്രയേറെ തുല്ല്യ പരിഗണനയാണ് ശിഹാബ് തങ്ങള്‍ നല്‍കിയിരുന്നത്. അനുകൂലിച്ചവരെയും എതിര്‍ത്തവരെയും ഒരുപോലെ കണ്ടു. മുഖസ്തുതിയില്‍ അഭിരമിക്കാതെ സ്വയം നവീകരിച്ചു. അങ്ങിനെങ്ങനെ വിസ്മയ ജന്മമായി നമ്മെ വഴിനടത്തുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു ശിഹാബ് തങ്ങള്‍. അതിന്റെ ആകെ കാരണങ്ങളെ മനോരമയില്‍ കണ്ട ഒരഭിമുഖത്തിലെ വാചകത്തിലേക്ക് ചുരുക്കട്ടെ. ചോദ്യം: തിരിഞ്ഞു നോക്കുമ്പോള്‍ എങ്ങനെ വിലയിരുത്തുന്നു. പുഞ്ചിരിയിലലിഞ്ഞ മറുപടി: എന്റെ കര്‍മ്മങ്ങള്‍ കാലം വിലയിരുത്തട്ടെ; ആരെയും ദ്രോഹിച്ചിട്ടില്ലെന്നതാണ് എന്റെ ഉറപ്പ്.