X
    Categories: Views

ശിഹാബ് തങ്ങളുടെ ഗ്രന്ഥശേഖരം ഇനി സബീലിലെ വിദ്യാര്‍ത്ഥികള്‍ക്ക്

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപൂര്‍വ ഗ്രന്ഥശേഖരം പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് ലൈബ്രറിയിലേക്ക് ഇന്ന് കൈമാറും. കോട്ടക്കല്‍ പറപ്പൂര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സമര്‍പ്പിക്കും.

പാണക്കാട് കൊടപ്പനല്‍ തറവാട്ടില്‍ സൂക്ഷിക്കപ്പെട്ടിരുന്ന ശിഹാബ് തങ്ങളുടെ അതിവിപുലമായ പുസ്തകശേഖരമാണ് സി.എച്ച് കുഞ്ഞീന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് കൈമാറുന്നത്. പഠനകാലയളവിലും തുടര്‍ന്നും ശിഹാബ് തങ്ങള്‍ സമാഹരിച്ച അത്യപൂര്‍വ ഗ്രന്ഥങ്ങളടങ്ങിയതാണ് ഈ ശേഖരം. അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉര്‍ദു ഭാഷകളിലായി മതം, സാഹിത്യം, ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, യാത്രാവിവരണം, ജീവചരിത്രം തുടങ്ങി ആയിരത്തില്‍ അധികം പുസ്തങ്ങളുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളായ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളിലെ പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ക്കു പുറമെ ഇതര മതഗ്രന്ഥങ്ങളും വേദപുരാണങ്ങളും ഇതിഹാസങ്ങളും അടങ്ങിയ ഈ സമാഹാരം ശിഹാബ് തങ്ങളുടെ വായനാലോകത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ഈജിപ്ത് പഠനകാലത്ത് അദ്ദേഹം ശേഖരിച്ച വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെയും ബൃഹത്തായ ശേഖരമുണ്ട്. പൂര്‍വപിതാക്കളുടെ നാടായ യമനിന്റെയും ഹളര്‍മൌത്തിന്റെയും ചരിത്രം പറയുന്ന ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവും ഇതിലുള്‍പെടും.

പാണക്കാട് കുടുംബവും പറപ്പൂര്‍ സബീലുല്‍ ഹിദായയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് ശക്തിപകരുന്നതാണ് പുതിയ ഗ്രന്ഥശേഖര കൈമാറ്റം. മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ ദേഹവിയോഗത്തിനു മുമ്പ് ഏറ്റവും അവസാനമായി പങ്കെടുത്തത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ‘സംസം പറഞ്ഞുതീരാത്ത പുണ്യങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു എന്നതും ഒരു നിമിത്തമായിരിക്കാം. ഇന്ന് നടക്കുന്ന ചടങ്ങില്‍ സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും. ലൈബ്രറിയില്‍ ശിഹാബ് തങ്ങളുടെ പേരില്‍ പ്രത്യേക വിഭാഗമായി ഏവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ മീറാന്‍ സഅദ് ദാരിമി പറഞ്ഞു.

chandrika: