കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് നാളെ സമർപ്പിക്കും. വൈകിട്ട് 3:30ന് മാവൂർ റോഡ് ജംക്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്. അബുദാബി മലപ്പുറം ജില്ലാ കെ എം സി സിയുടെ സഹകരണത്തോടെ നൽകുന്ന അവാർഡ് അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്. സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ സി. രാധാകൃഷ്ണൻ കേരളത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കും മത മൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്‌നേഹവും ഉയർത്തിപിടിക്കുന്നതിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്ന സാംസ്‌കാരിക നായകൻ എന്ന നിലക്കുമാണ് അവാർഡ്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉത്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ മുഖ്യാതിഥിയാവും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീർ എം പി തങ്ങൾ സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി, എം. കെ രാഘവൻ എം.പി ,പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എൽ എ, ഡോ എം കെ മുനീർ എം എൽ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.