മലപ്പുറം: ആ പച്ച അംബാസഡര്‍ കാര്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ഒമാന്‍ ബുറൈമിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഹനീഫ. നിരത്തിലോടിയ വെറുമൊരു വാഹനമല്ലത്. ഹരിത രാഷ്ട്രീയത്തിന്റെ സുല്‍ത്താന്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാറാണത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് എത്തിയ ആദ്യത്തെ വാഹനം.
സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളാണ് ഞായറാഴ്ച ഈ കാറിനെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ കുറിപ്പിട്ടത്. അതിങ്ങനെ;
‘KLM 2233 മാര്‍ക്ക് 3 അമ്പാസഡര്‍, ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ വാഹനമായിരുന്നു.70കളിലെ അവസാനത്തിലോ എണ്‍പതുകളുടെ ആദ്യത്തിലോ ആണ് അത് വാങ്ങിയെതെന്ന് തോന്നുന്നു.ബാപ്പ പ്രസിഡന്റായ തുടക്കത്തിലാണത്.എന്റെ ഓര്‍മ്മ വെച്ച കാലം കാണുനത് ഈ വാഹനമാണ്.കടും പച്ച നിറമായിരുന്നു.അന്ന് കാറുകള്‍ വിരളമാണ്.വീട്ടിലെ എല്ലാവരും ഉപയോഗിച്ചത് ഈ കാറായിരുന്നു.കുട്ടികളായ ഞങ്ങള്‍ സ്റ്റീയറിംഗ് തിരിച്ച് കളിക്കുമ്പോള്‍ ഉമറലി അളാപ്പ വന്നാല്‍ ഒളിച്ചിരിക്കും. വാപ്പയും എളാപ്പമാരും പരിപാടികള്‍ക്കും മറ്റു കുടുംബ ആവശ്യങ്ങള്‍ക്കും ഈ വാഹനം തന്നെയായിരുന്നു ഉപയോഗിച്ചത്.ആര്‍ക്കെങ്കിലും ഡോക്റ്ററെ കാണാന്‍ പോവാനുണ്ടെങ്കില്‍ അന്ന് ഞങ്ങളുടെ ഉല്‍സവമായിരിക്കും,കാരണം അന്ന് എങ്ങനെയെങ്കിലും കാറില്‍ വലിഞ്ഞ് കേറുക എന്നത് ഒരു കൗതുകമായിരുന്നു.പിന്നീട് കോഴിച്ചെന കുഞ്ഞു ഹാജി ആ വാഹനം വാങ്ങി.അദ്ദേഹത്തിന്റെ മരണ ശേഷം മക്കള്‍ നല്ലതു പോലെ ഈയടുത്ത കാലത്തും കൊണ്ടു നടന്നിരുന്നു’
തിങ്കളാഴ്ച ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ തങ്ങള്‍ തന്നെയാണ് കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.
‘ഈ വാഹനം എന്റെ സുഹൃത്തും കുഞ്ഞു ഹാജിയുടെ സഹോദരി പുത്രനും ഒമാന്‍ ബുറൈമിയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ ഹനീഫയുടെ പക്കലുണ്ടെന്നറിഞ്ഞത്.അദ്ദേഹം ഇന്നും അത് നിധി പോലെ കാത്തു സൂക്ഷിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം’ എന്നാണ് തങ്ങളുടെ കുറിപ്പ്