കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ താമരശ്ശേരി മലപ്പുറം പുതുപ്പാടിയില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (സ്റ്റിംസ്) നിര്‍മാണം ഉടന്‍ ആരംഭിക്കും. ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സുമായി നിര്‍മാണ കരാര്‍ ഒപ്പുവെച്ചു. ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്തു നടന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ധാരണാപത്രം കൈമാറി. സ്്റ്റിംസിന്റെ അഭിമാന പദ്ധതികളിലൊന്നായ കമ്യൂണിറ്റി വളണ്ടിയര്‍ ട്രെയിനിങ് ആപ്ലിക്കേഷന്റെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ സ്റ്റിംസ് ആപ്ലിക്കേഷന്റെ ലോഞ്ചിങ് നിര്‍വഹിച്ചു.
രോഗികള്‍ക്ക് ശുശ്രൂഷയും സാന്ത്വനവും നല്‍കാനും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഈ ആതുരസേവന പദ്ധതികളിലൂടെ സാധിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. ആതുര ശുശ്രൂഷാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സ്റ്റിംസിലൂടെ സാധിക്കുമെന്ന് ഡോ. എം.കെ മുനീര്‍ വ്യക്തമാക്കി. കിടപ്പിലായ നിത്യരോഗികള്‍ക്കുള്ള സാന്ത്വന തീരമായും പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന സ്ഥപനമായും ഈ പദ്ധതി മാറുമെന്ന് ആമുഖ പ്രസംഗം നടത്തിയ എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. ഡോ. ടി.പി അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. മാനസിക രോഗം അനുഭവിച്ച് വീടിനകത്തും തെരുവിലും കഴിയുന്നവര്‍ക്ക് തണലായും ക്യാന്‍സര്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കും വൈകല്യവുമായി ജീവിക്കുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഇതൊരു അത്താണിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി കോയ ചെക്ക് കൈമാറ്റം നിര്‍വ്വഹിച്ചു. ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ് ഡയരക്ടര്‍ എല്‍.ഇ ഗിരിനാഥ് ധാരണാ പത്രം ഏറ്റുവാങ്ങി. ഡോ. വി. ഇദ്‌രീസ്, എന്‍.സി അബൂബക്കര്‍, ഉസ്സയിന്‍കുട്ടി വി.കെ, പി.എം.എ ഷമീര്‍, ടി.പി മുഹമ്മദ്, എം.വി സിദ്ദീഖ്, ഡോവിഡ് കാര്‍മല്‍ അലക്‌സ് സംബന്ധിച്ചു. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, മെഡിക്കല്‍ കോളജ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി വിപുലീകരിക്കപ്പെടുന്ന ആതുരസേവന സംരംഭമാണ് സ്റ്റിംസ്. സ്റ്റിംസിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ കമ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ ടീം ഇതിനകം തന്നെ സേവനം ആരംഭിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തി നാല്‍പതിനായിരം വളണ്ടിയര്‍മാരാണ് പാലിയേറ്റീവ് സേവന രംഗത്തിറങ്ങുന്നത്.