X

പാക്കിസ്ഥാന്‍ വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ് ചോറ്റൂര്‍; കാത്തിരിക്കുന്നത് ട്രാന്‍സിറ്റ് വിസക്ക്

മലപ്പുറത്തുനിന്നും കാല്‍നടയായി ഹജ്ജിനു പോകുന്ന ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയായ വാഗയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെനിന്നും പാക്കിസ്ഥാനിലേക്കുള്ള വിസയ്ക്ക് കാത്തിരിക്കുകയാണ് അദ്ദേഹം.

എന്നാല്‍ തനിക്ക് വിസ നിഷേധിച്ചുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ചന്ദ്രിക ഓണ്‍ലൈനോട് ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനിലെ ലാഹോര്‍ കോടതി കഴിഞ്ഞദിവസം ഇദ്ദേഹത്തിനു വേണ്ടി ഒരു പാക്ക് പൗരന്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇദ്ദേഹവുമായി ഹര്‍ജിക്കാരന് യാതൊരുവിധ ബന്ധവുമില്ല എന്നായിരുന്നു ഹര്‍ജി തള്ളാന്‍ ഉണ്ടായിരുന്ന കാരണം. എന്നാല്‍ ഈ ഹര്‍ജിക്കാരന്‍ താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ശിഹാബ് പറയുന്നു.

ടൂറിസ്റ്റ് വിസയാണ് തന്റെ കയ്യിലുള്ളതെന്നും ട്രാന്‍സിറ്റ് വിസയാണ് ആവശ്യമുള്ളത് എന്നും ഇതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ എംബസിയുമായി ഇക്കാര്യങ്ങള്‍ കൃത്യമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവര്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കാന്‍ പൂര്‍ണ്ണ സമ്മതം തന്നിട്ടുണ്ടെന്നും എന്നാല്‍ 56 ദിവസത്തേക്കുള്ള വിസയുടെ മറ്റു കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ കൂടി അനുമതി ആവശ്യമാണ്, അതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എത്രയും വേഗം വിസ അനുവദിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചന്ദ്രിക ഓണ്‍ലൈനോട് പറഞ്ഞു.

Test User: