X

ഷിഗെല്ല രോഗം ബാധിച്ചവരുടെ എണ്ണം 50 പിന്നിട്ടു; അതീവ ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് പിന്നിട്ടു. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. അതുകൊണ്ട് തന്നെ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗെല്ല പടരും. ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Test User: