X
    Categories: Health

ഭീതിയിലാഴ്ത്തി ഷിഗെല്ല രോഗം; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍

കുറച്ച് ദിവസങ്ങളായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കഴിഞ്ഞ ദിവസം ഈ ബാക്ടീരിയ ബാധിച്ച് ഒരു 11 വയസ്സുകാരന്‍ മരണമടഞ്ഞ വാര്‍ത്ത എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഏതൊരു സാഹചര്യത്തിലും നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് ഷിഗെല്ല ബാക്ടീരിയകള്‍. എന്താണ് യഥാര്‍ത്ഥത്തില്‍ ഷിഗെല്ല ബാക്ടീരിയകളെന്നും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനായി എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും കണ്ടെത്താം.

എന്താണ് ഷിഗെല്ല ബാക്ടീരിയ?

ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസര്‍ജ്യവുമായുള്ള സമ്പര്‍ക്കത്തിലൂടെയും, ചില സാഹചര്യങ്ങളില്‍ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകള്‍ വ്യാപനം നടത്തുന്നത്. പ്രായമായവരേക്കാളും മുതിര്‍ന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. എന്നാല്‍ ഷിഗെല്ല ബാധിച്ച എല്ലാവരിലും ഒരുപോലെ രോഗലക്ഷങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല. പ്രധാനമായും ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതല്‍ ലക്ഷണങ്ങളെ പുറത്തു കാട്ടുന്നത്.

ലക്ഷണങ്ങള്‍

തുടര്‍ച്ചയായ വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി ഇതോടൊപ്പം ഉണ്ടാകാം. ഷിഗെല്ല ബാധിച്ചവരുടെ മലത്തില്‍ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഷിഗെല്ല വൈറസ് ബാധിച്ച് 3 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നു. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍, അണുബാധയുടെ ലക്ഷണങ്ങള്‍ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാം.

വയറിളക്കവും ഷിഗെല്ലയുടെ മറ്റ് ലക്ഷണങ്ങളും സാധാരണയായി 2 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കം കുറയുന്നില്ലെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രോഗം ബാധിച്ച് നിങ്ങളുടെ ശരീരത്തില്‍ ഭക്ഷണമോ ജലാംശമോ ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഷിഗെല്ലോ വൈറസുമായി ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചാല്‍ പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ട കാര്യം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ്.

ചികിത്സ

ബാക്ടീരിയ ബാധിച്ചതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ചെറുക്കുക എന്നതാണ് മിക്ക സാഹചര്യങ്ങളിലും ആദ്യമേ ചെയ്യേണ്ട കാര്യം. ഈ ഘട്ടത്തില്‍ ധാരാളം ദ്രാവകങ്ങള്‍ കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഇലക്ട്രോലൈറ്റ് അടങ്ങിയവ. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. രോഗവുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉചിതമല്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകളെ കൂടുതല്‍ നേരം നിലനിര്‍ത്തുകയും അണുബാധയെ കൂടുതല്‍ വഷളാക്കുകയും ചെയ്‌തേക്കാം.

കഠിനമായ ലക്ഷണങ്ങള്‍ പുറത്തു കാണുകയാണെങ്കില്‍ അല്ലെങ്കില്‍ മുന്‍പേ പറഞ്ഞ പോലെ 3 ദിവസത്തിനു ശേഷവും ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ വൈദ്യചികിത്സ ആവശ്യമാണ് എന്നറിയുക. രോഗം സ്ഥിരീകരിച്ചാല്‍ ദഹനനാളത്തില്‍ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ശരിയായ മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

 

Test User: