X
    Categories: main stories

ചവറ പിടിക്കാന്‍ കേരള കിസിഞ്ചറുടെ മകന്‍; യുഡിഎഫ് വിജയം സുനിശ്ചിതം

കൊല്ലം: എക്കാലവും ആര്‍എസ്പിയുടെ ഉരുക്കു കോട്ടയായ ചവറ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫിനായി കളത്തിലിറങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ കിസിഞ്ചര്‍ എന്ന് കേളി കേട്ട ബേബി ജോണിന്റെ മകനും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. 2001, 2011 വര്‍ഷങ്ങളില്‍ ചവറയില്‍ നിന്ന് വിജയിച്ച് എംഎല്‍എയും മന്ത്രിയുമായ അനുഭവ പരിചയവുമായാണ് ഷിബു ഗോദയിലിറങ്ങുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന ബേബി ജോണ്‍ ആറ് തവണയാണ് ചവറയില്‍ നിന്ന് ജയിച്ചുകയറിയത്. ഈ വിജയഗാഥയുടെ പാരമ്പര്യവുമായാണ് ഷിബു ബേബി ജോണ്‍ കളത്തിലിറങ്ങുന്നത്.

തേവലക്കര, ചവറ, പന്‍മന, നീണ്ടകര, തെക്കുംഭാഗം എന്നീ അഞ്ച് പഞ്ചായത്തുകളും ശക്തികുളങ്ങര കോര്‍പറേഷനുമടങ്ങുന്നതാണ് ചവറ നിയമസഭാ മണ്ഡലം. തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി തോറ്റെങ്കിലും ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് ചവറയുടെ പാരമ്പര്യം.  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.കെ പ്രേമചന്ദ്രന് 27568 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ചവറയില്‍ നിന്ന് കിട്ടിയത്. ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

പിണറായി സര്‍ക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. പ്രളയം, കോവിഡ് പോലുള്ള ദുരന്തങ്ങളെ മറയാക്കി സര്‍ക്കാറിനെ വിമര്‍ശിക്കരുതെന്നും ചോദ്യം ചെയ്യരുതെന്നും തിട്ടൂരമിറക്കി എല്ലാവരും ഒരുമിച്ച് നിന്ന് നേടിയ നേട്ടങ്ങളുടെ മൊത്തം ഉടമസ്ഥാവകാശം മുഖ്യമന്ത്രിക്ക് നല്‍കി പിണറായി വിജയനെ അതിമാനുഷനായി അവതരിപ്പിച്ച് രക്ഷപ്പെടാനുള്ള സിപിഎം നീക്കം തകര്‍ത്തെറിയുന്ന ജനവധിയാണ് ചവറയില്‍ നിന്ന് വരാനിരിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കളെ നോക്കുകുത്തികളാക്കി സര്‍ക്കാര്‍ ജോലികളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്ന പിണറായി സര്‍ക്കാറിനെതിരെ യുവാക്കള്‍ക്കിടയിലും വലിയ രോഷമാണ് നിലനില്‍ക്കുന്നത്. പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ തകര്‍ത്ത സര്‍ക്കാറിനെതിരെ വിധിയെഴുതാനുള്ള തീരുമാനത്തിലാണ് മണ്ഡലത്തിലെ യുവ വോട്ടര്‍മാര്‍.

യുഡിഎഫിലും കോണ്‍ഗ്രസിലും ഉണ്ടായിരുന്ന ചില പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിന് കാരണമായതെന്നും അത് സ്ഥായിയായ ഒന്നല്ലെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ചവറ യുഡിഎഫിനൊപ്പമാണ് എന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നും ബിന്ദു കൃ്ഷ്ണ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വ്യക്തിപരമായ വോട്ടുകള്‍ ഉറപ്പിച്ചുകൊണ്ടാണ് ഷിബു പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം എല്‍ഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. നേതാക്കളായ ടി. മനോഹരന്‍, പ്രസന്ന ഏണസ്റ്റ്, വനിതാ നേതാക്കളായ സൂസന്‍ കോടി, ചിന്ത ജെറോം തുടങ്ങിയവരുടെ പേരുകളാണ് ഇടതു മുന്നണിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ യുഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലത്തില്‍ ചാവേറുകളാവാനില്ലെന്ന നേതാക്കളുടെ നിലപാടാണ് എല്‍ഡിഎഫ് നേതൃത്വത്തെ കുഴക്കുന്നത്. മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെ രംഗത്തിറക്കാനുള്ള നീക്കവും സിപിഎം നേതൃത്വം നടത്തുന്നതുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: