X

ആശുപത്രികളില്‍ കയറിയിറങ്ങി 14 മണിക്കൂര്‍; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ഷെരീഫ്

കോഴിക്കോട്: ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് 14 മണിക്കൂര്‍ കയറിയിറങ്ങിയപ്പോഴേക്കും ആ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. കോവിഡ് നെഗറ്റീവായ യുവതിയ്ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികള്‍ പലതും ചികിത്സ നിഷേധിക്കുകയായിരുന്നു. ഒരു ദിവസം മുഴുവനും പ്രസവവേദന അനുഭവപ്പെട്ട യുവതിയുമായി ഭര്‍ത്താവ് വിവിധ ആശുപത്രികള്‍ കയറി ഇറങ്ങി. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കിഴിശ്ശേരി എന്‍.സി ഷരീഫ്-സഹല ദമ്പതികള്‍ക്കാണ് ഈ ദാരുണാനുഭവമുണ്ടായത്.

അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സുപ്രഭാതം പത്രത്തിന്റെ ലേഖകന്‍ കൂടിയായ ഷരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും വികാരാധീതനായി. കഴിഞ്ഞ 14 മണിക്കൂറിനുള്ളില്‍ അവര്‍ കടന്നുപോയ വേദനകളെ കുറിച്ച് പലരുടേയും ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു. പക്ഷേ പറയുന്നതിനിടയില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും കെ.എം.സി.ടി. ആശുപത്രി മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷരീഫ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഷരീഫ് വിശദീകരിക്കുന്നത് ഇങ്ങനെ…

തിങ്കളാഴ്ച പുലര്‍ച്ചെ നാലര ആയപ്പോഴേക്കും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ എത്തിയിരുന്നു. ഇവിടെ മുഴുവന്‍ കോവിഡ് ആണ് അതുകൊണ്ട് എടുക്കാന്‍ കഴിയില്ലെന്നാണ് അവിടെനിന്ന് പറഞ്ഞത്. ഭാര്യ അഞ്ചാം തിയ്യതി കോവിഡ് പോസിറ്റീവ് ആയി പിന്നീട് 15ാം തിയതി നെഗറ്റീവ് ആയതാണ്. 14 ദിവസത്തെ ക്വാറന്റീന്‍ ആണ് നിര്‍ദ്ദേശിച്ചിരുന്നത്. 29-ാം തിയ്യതിയെ 14 ദിവസം പൂര്‍ത്തിയാവുകയുള്ളു. അതുവരെ എന്തുണ്ടെങ്കിലും മഞ്ചേരിയില്‍ തന്നെ കാണിക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇന്നലെ 26ാം തിയ്യതിയെ ആയിരുന്നുള്ളു. വെള്ളിയാഴ്ച എടവണ്ണ ഇ.എം.സി. ആശുപത്രിയില്‍ പോയിരുന്നു. മഞ്ചേരിയില്‍ പോകാന്‍ ഭയമാണെന്ന് ഭാര്യ പറഞ്ഞതിനെ തുടര്‍ന്നാണിത്. കോവിഡ് ഉള്ളവരെ എടുക്കില്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. പിന്നീട് കോഴിക്കോട് ഇഖ്‌റയില്‍ വന്നു. അവിടെ നിന്നും ഇതേ മറപടിയാണ് ലഭിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയില്‍ പോയി. അവിടെ എത്തിയപ്പോള്‍ തിങ്കളാഴ്ച വന്നോളു എന്നാണ് പറഞ്ഞത്.

അങ്ങനെ തിങ്കളാഴ്ച ആശുപത്രിയില്‍ പോകാന്‍ ഇരുന്നപ്പോഴാണ് ശനിയാഴ്ച പുലര്‍ച്ചെ ഭാര്യയ്ക്ക് വേദന ഉണ്ടാകുന്നത്. നാലരയ്ക്ക് തന്നെ മഞ്ചേരിയില്‍ എത്തിയിരുന്നു. അവിടെ എത്തുമ്പോള്‍ അവര്‍ക്ക് ഞങ്ങള്‍ വന്നത് പറ്റുന്നുണ്ടായിരുന്നില്ല. കുറെ സംസാരിച്ചതിന് ശേഷമാണ് ലേബര്‍ റൂമില്‍ കയറ്റിയത്. പിന്നീട് 8 മണി ആയപ്പോള്‍ കൊണ്ടുപോയ്‌ക്കോളു വേദന ഇല്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഭാര്യയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് വേദനയുണ്ടെന്നാണ്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന് സാധ്യമല്ലെന്നും എഴുതി തന്നാല്‍ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഡിസ്ച്ചാര്‍ജ് കാര്‍ഡൊക്കെ എഴുതിവെച്ചു. 10 മണിക്ക് ഒരു ഡോക്ടര്‍ വന്നപ്പോള്‍ നല്ല വേദന ഉള്ളതുകൊണ്ട് പരിശോധിച്ചിട്ട് പോകാമെന്ന് പറഞ്ഞു. ഇപ്പോള്‍ പോകണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. പോകുന്നില്ലെന്നും ചികിത്സ ലഭിച്ചാല്‍ മതിയെന്നുമാണ് ഞാന്‍ പറഞ്ഞത്.

പക്ഷേ 11.45 ആയപ്പോള്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോയി. വണ്ടിയില്‍ വെച്ച് വേദനകൊണ്ട് ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഭാര്യ. ഒന്നേ മൂക്കാലോടെയാണ് കോട്ടപ്പറമ്പ് എത്തിയത്. അപ്പോഴേക്കും ഡോക്ടര്‍മാര്‍ എല്ലാവരും പോയിരുന്നു. ഇവിടെ പറ്റില്ല കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയ്‌ക്കോളു എന്നാണ് പറഞ്ഞത്. ഞായറാഴ്ച ആയതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുമാണ് പറഞ്ഞത്. അങ്ങനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. അവര്‍ വന്നോളു എന്നാണ് പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ് വിളിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടോ എന്ന് ചോദിച്ചു. മഞ്ചേരിയില്‍ നിന്ന് ലഭിച്ച അന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് ഉണ്ടെന്ന് പറഞ്ഞപ്പോള്‍. അത് പറ്റില്ല ആര്‍.ടി. പി.സി.ആര്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ കരഞ്ഞ് പറഞ്ഞിട്ടും അവര്‍ കേട്ടില്ല.

ഒടുവില്‍ പാളയത്തെ അശ്വനി ലാബില്‍ പോയി അന്വേഷിച്ചപ്പോള്‍ 24 മണിക്കൂറ് കഴിഞ്ഞേ റിസല്‍ട്ട് കിട്ടുകയുള്ളു എന്ന് പറഞ്ഞു. ഈ വിവരം ഞാന്‍ ശാന്തിയില്‍ വിളിച്ചു പറഞ്ഞു. ഭാര്യ വേദനകൊണ്ട് പുളയുകയാണെന്നും പറഞ്ഞു. എന്നിട്ടും സമ്മതിച്ചില്ല. ഒടുവില്‍ ഞാന്‍ നേരിട്ട് ഡോക്ടറോട് സംസാരിച്ചു. ഡോക്ടറും ആര്‍.ടി.പി.സി.ആര്‍ ഇല്ലാതെ എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റുമായി നാളെ വരാന്‍ ആണ് അവര്‍ മറുപടി നല്‍കിയത്. പിന്നീട് ഞാന്‍ കെ.എം.സി.റ്റിയിലേക്ക് പോയി. അവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ റിസള്‍റ്റ് നെഗറ്റീവായി. ഉടന്‍ തന്നെ അവര്‍ സ്‌കാന്‍ ചെയ്തുനോക്കി. കുട്ടികള്‍ക്ക് ഹൃദയമിടിപ്പൊന്നും ഇല്ലായിരുന്നു അപ്പോള്‍. ഡോക്ടര്‍ ഈ വിവരം എന്നോട് അപ്പോള്‍ തന്നെ പറഞ്ഞു. ഞാന്‍ ഇത് ആരോടും പറഞ്ഞില്ല. അത് തെറ്റാകണേ എന്നാണ് ആഗ്രഹിച്ചത്.

അവിടെ നിന്ന് റഫര്‍ ചെയ്ത് രാത്രി ആറരയ്ക്കാണ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. പുലര്‍ച്ചെ 4.30ന് മഞ്ചേരി ആശുപത്രിയില്‍ എത്തിയ ഞങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറരയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ്. ബ്ലീഡിങ് ഉണ്ടായതോടെ ഭാര്യയെ ഓപ്പറേഷന്‍ ചെയ്തു. എടുത്തപ്പോള്‍ തന്നെ കുട്ടികള്‍ക്ക് അനക്കമില്ലായിരുന്നു എന്നാണ് പറഞ്ഞത്. മഞ്ചേരിയില്‍ വെച്ച് ഒന്ന് സ്‌കാന്‍ ചെയ്തുനോക്കിയിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. കാരണം ഇന്നലെ ഉച്ച മുതലേ കുട്ടികള്‍ക്ക് അനക്കമില്ലെന്ന് ഭാര്യ പറയുന്നുണ്ടായിരുന്നു. ഏതെങ്കിലും ഒരു ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാന്‍ മലപ്പുറം ഡിഎംഒയെ വരെ ബന്ധപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷമാണ് ഡി.എം.ഒയും മന്ത്രിയും ഒക്കെ വിളിക്കുന്നത്. കഴിഞ്ഞ ആഴ്ച മഞ്ചേരി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് സമാനരീതിയിലുള്ള അനുഭവം ഉണ്ടായപ്പോള്‍ അതേകുറിച്ച് വാര്‍ത്ത എഴുതിയ ആളാണ് ഞാന്‍. ഭാര്യ ഇപ്പോള്‍ അമിതരക്തസ്രാവത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ ആണ്.

 

chandrika: