X
    Categories: gulfNews

യുഎന്നില്‍ ഖത്തറിന് പുതിയ റോള്‍; നായകത്വം വഹിക്കാന്‍ ശൈഖ അല്‍യ

യുണൈറ്റഡ് നാഷണ്‍സ്: ഐക്യരാഷ്ട്ര സഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ അല്‍യ മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനിക്ക് ചരിത്രനേട്ടം. യുഎസ് സുരക്ഷാ കൗണ്‍സിലിലെ പരിഷ്‌കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള നിയോഗമാണ് അല്‍യയില്‍ വന്നു ചേര്‍ന്നത്.

പരിഷ്‌കരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള സമിതിയെയാണ് ഇവര്‍ നയിക്കുക. യുഎന്നിന്റെ 75-ാം ജനറല്‍ അസംബ്ലി പ്രസിഡണ്ട് വോള്‍ക്കന്‍ ബോസ്‌കിനാണ് അല്‍യയ്ക്ക് ഈ പദവി നല്‍കിയത്. പോളണ്ട് അംബാസഡര്‍ യോഹന്ന റൊണേക്കയും ഇവര്‍ക്കൊപ്പമുണ്ട്. യുഎന്നിന്റെ ഖത്തറിന്റെ സജീവ പങ്കാളിത്തത്തിനുള്ള അംഗീകാരം കൂടിയാണ് ഇവരുടെ നിയമനം.

ആഗോള നയതന്ത്ര തലത്തില്‍ ഖത്തറിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മികവു പ്രകടിപ്പിച്ച വിദേശകാര്യ പ്രതിനിധിയാണ് ശൈഖ അല്‍യ. ഈയിടെ ഫലസ്തീന്‍ വിഷയത്തില്‍ അടക്കം അവര്‍ എടുത്ത നിലപാടുകള്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അധികാരം ഉപയോഗിച്ച് ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാനാവില്ല എന്നും ഫലസ്തീനോട് ഐക്യപ്പെടേണ്ടത് ആവശ്യകതയാണ് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ ചേര്‍ന്ന യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ വിര്‍ച്വല്‍ യോഗത്തിലും അവര്‍ ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു.

സമാധാനത്തിന് ചര്‍ച്ചകളല്ലാത്ത ബദല്‍ മാര്‍ഗങ്ങളില്ല. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായാണ് ഈ ചര്‍ച്ചകള്‍ നടക്കേണ്ടത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റം നിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സമാധാനം സാധ്യമാകൂ എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ യുഎന്നില്‍ നിലപാടു വ്യക്തമാക്കിയിരുന്നത്. ദ്വിരാഷ്ട്ര പ്രഖ്യാപനമല്ലാതെ സമാധാനത്തിന് മറ്റു വഴികളില്ല എന്നാണ് ഖത്തറിന്റെ നിലപാട്.

 

Test User: