അബുദാബി: വിശുദ്ധ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനായി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ്-19 കാലത്ത് നിറുത്തിവെച്ചിരുന്ന വിശ്വാസികളുടെ തിരക്ക് വീണ്ടും ആരംഭിക്കുകയാണ്. കോവിഡിന് മുമ്പ് 2019 റമാദനില്‍ വിശ്വാസികളും സന്ദര്‍ശകരും ഉള്‍പ്പെടെ 14.44 ലക്ഷം പേരാണ് ഗ്രാന്റ് മോസ്‌കില്‍ എത്തിയത്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍പേര്‍ എത്തുമെന്നാണ് കരുതുന്നത്.
വിവിധ സേവനങ്ങളും സൗകര്യങ്ങളും നല്‍കി അതിഥികള്‍ക്ക് സന്തോഷം പകരാന്‍ വിവിധ വിഭാഗങ്ങളെ സമന്വയിപ്പിച്ചു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രധാന പങ്കാളികളുമായി കൂടിക്കാഴ്ചകള്‍ നടത്തി.
വാഹന പാര്‍ക്കിംഗുകളില്‍നിന്ന് പ്രാര്‍ത്ഥനാ ഹാളുകളിലേക്ക് കൊണ്ടുപോകുന്നതിന് 38-ലധികം ഇലക്ട്രിക് കാറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും ഈ കാറുകളുടെ മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ, ആരാധകര്‍ക്കായി 6,579 പാര്‍ക്കിംഗ് സ്ഥലങ്ങളും 50-ലധികം വീല്‍ചെയറുകളും പള്ളിയിലുടനീളം വിതരണം ചെയ്തു. അനേകം വാട്ടര്‍ കൂളറുകളും ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകരുടെ സുഗമമായ ഒഴുക്കും അവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്, പള്ളിയോട് ചേര്‍ന്നുള്ള റോഡുകളും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമുള്ള പാതകളും കൂടുതല്‍ സൗകര്യപ്രദമാക്കി.
മെഡിക്കല്‍ സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ നല്‍കി അടിയന്തര ആരോഗ്യ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ആതുരസേവനവുമുണ്ട്.
പുണ്യമാസത്തില്‍, ആധുനികത ഉള്‍ക്കൊണ്ടുകൊണ്ട് റമദാനിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ നോമ്പ് തുറയുടെ സമയം വ്യക്തമാക്കുന്നതിന് പീരങ്കികള്‍ ശബ്ദിക്കും. മിഡ്ഫ അല്‍ ഇഫ്താര്‍ എന്നറിയപ്പെടുന്ന പീരങ്കി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. പീരങ്കി വെടിവയ്പ്പ് അബുദാബി ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.