അബുദാബി: യു.എഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാനോടുള്ള ആദര സൂചകമായി പണിത ശൈഖ് സായിദ് സ്മാരകം ഈ മാസം തുറക്കും. ആറു വര്‍ഷമെടുത്തു നിര്‍മിച്ച സ്മാരകം ഈ മാസം 22ന് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ഗവണ്‍മെന്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശൈഖ് സായിദിന്റെ ഓര്‍മകളും സന്ദേശങ്ങളും ദൃശ്യങ്ങളുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് അബുദാബി കോര്‍ണിഷില്‍ നിര്‍മിച്ച സ്മാരകം സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പുതിയ സ്മാരകത്തിന് ‘സ്ഥാപകന്റെ സ്മാരകം’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. അബുദാബി കോര്‍ണിഷില്‍ ഒന്നും രണ്ടും സ്ട്രീറ്റിലെ പ്രധാന കവലകളില്‍ ഒന്നിനോട് ചേര്‍ന്നാണ് 3.3 ഹെക്ടറില്‍ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. ശൈഖ് സായിദിന്റെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കും വിധമാണ് സ്മാരകത്തിന്റെ നിര്‍മിതി. പച്ചപ്പിനോടുള്ള ശൈഖ് സായിദിന്റെ പ്രിയം ലോകത്തിന് പകര്‍ന്ന് നല്‍കും വിധം മനോരഹരമായ ചെടികളും മരങ്ങളും മനോഹരമായ നടവഴിയുമെല്ലാം ചേര്‍ന്നതാണ് സ്മാരകം.