X
    Categories: gulfNews

ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദുബായ് : യുഎഇ പതാക ദിനത്തില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങള്‍ ഭേദമാക്കുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെ അദ്ദേഹം വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു.

യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയിഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു. കൂടാതെ, വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഷംസി, സാംസ്‌കാരിക-യുവ കാര്യ മന്ത്രി നൗറ അല്‍ കഅബി, എക്‌സിക്യുട്ടീവ് അംഗവും അബുദാബി എക്‌സിക്യുട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ഇതിനകം വാക്‌സിന്‍ സ്വീകരിച്ച മറ്റു പ്രമുഖര്‍.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിലാണ്. മലയാളികളടക്കം 31,000 ത്തിലേറെ പേരാണ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറായിട്ടുള്ളത്. ഇതുവരെ എല്ലാവരും സുരക്ഷിതരും ഫലം ശുഭപ്രതീക്ഷ നല്‍കുന്നതുമാണെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് ഇതിനകം വാക്‌സിന്‍ എടുത്തിട്ടുള്ളത്. ചില ഉന്നതോദ്യോഗസ്ഥരും വാക്‌സീന്‍ സ്വീകരിച്ചു.

Test User: