X

താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ ശൈഖ് മുഹമ്മദ് 11 ബില്യണ്‍ ദിര്‍ഹം പ്രഖ്യാപിച്ചു

 

ദുബൈ: യുഎഇ പൗരന്മാരുടെ ക്ഷേമം ഉറപ്പിക്കാന്‍ സത്വര നടപടി കൈകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. റേഡിയോ ചാനലിലേക്ക് വിളിച്ച് ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ട വൃദ്ധനെ കാബിനറ്റ് യോഗത്തിന് ക്ഷണിച്ച ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, താഴ്ന്ന വരുമാനക്കാര്‍ക്ക് 11 ബില്യണ്‍ ദിര്‍ഹം ഫണ്ട് വകയിരുത്തുന്നതായി പ്രഖ്യാപിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള തുകയാണിത്.
അജ്മാനില്‍ എഫ്.എം റേഡിയോയില്‍ വിളിച്ച് വില വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ സ്വദേശി അലി അല്‍ മസ്‌റൂഈ യെയാണ് ശൈഖ് മുഹമ്മദ് കാബിനറ്റ് യോഗത്തിന് ക്ഷണിച്ചത്. മസ്‌റൂഈയെ മന്ത്രാലയത്തിലെ സാമൂഹിക കാര്യ ഗവേഷകനായി നിയമിക്കുന്നതായും ശൈഖ് മുഹമ്മദ് ഇന്നലെ പ്രഖ്യാപിച്ചു.
56കാരനായ ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കാന്‍ റേഡിയോ സ്‌റ്റേഷനിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്ന ഉടന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു. കൂടാതെ, സാമൂഹിക വികസന മന്ത്രി ഹസ്സ ബിന്‍ത് ഈസ ബു ഹുമൈദിനോട് താഴ്ന്ന വരുമാനമുള്ള പൗരന്മാരുടെ ആവശ്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി അടുത്ത കാബിനറ്റ് യോഗത്തില്‍ സമര്‍പ്പിക്കാനുള്ള അതിവേഗ നടപടി കൈക്കൊള്ളാനും യുഎഇ വൈസ് പ്രസിഡന്റ് കല്‍പ്പിച്ചിരുന്നു. വിഷയത്തെ ഗൗരവപൂര്‍വം പിന്തുടര്‍ന്ന ശൈഖ് മുഹമ്മദ് താഴ്ന്ന വരുമാനമുള്ള പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രഖ്യാപനമാണ് ഇന്നലെ കാബിനറ്റ് യോഗത്തില്‍ കൈകൊണ്ടത്. മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാന്‍ സാമൂഹിക വികസന മന്ത്രാലയം താഴ്ന്ന വരുമാനക്കാരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള പഠനവും പരിഹാരമാര്‍ഗവും തയാറാക്കിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ വാം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റേഡിയോ ചാനലിലേക്ക് വിളിച്ച് തന്റെയും കുടുംബത്തിന്റെയും പ്രയാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ സാധാരണക്കാരനായ പൗരന്റെ വാക്കുകള്‍ക്കായി ഇന്നലെ മന്ത്രിസഭ കാതോര്‍ത്തു.
ദിവസങ്ങള്‍ക്കു മുമ്പ്, അജ്മാന്‍ എഫ്.എം റേഡിയോയിലെ ‘അല്‍ റാബിയ വല്‍ നാസ്’ എന്ന ലൈവ് പരിപാടിയിലേക്ക് വിളിച്ചാണ് അലി അല്‍ മസ്‌റൂഈ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ടത്. പ്രതിമാസം 13,000 ദിര്‍ഹം നല്‍കി ജീവിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്നായിരുന്ന മസ്‌റൂയീയുടെ പരാതി. അടുത്ത 24 മണിക്കൂറിനുള്ളില്‍, മസ്‌റൂയീക്കും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനല്‍കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിടുകയും ചെയ്തു. കാലതാമസം കൂടാതെ തീരുമാനം നടപ്പാക്കാനായിരുന്നു ഉത്തരവ്.
യുഎഇയിലെ എല്ലാവര്‍ക്കും സുസ്ഥിരതയുള്ളതും അഭിമാനകരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ദേശീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. നേരത്തെ, റേഡിയോയിലേക്കു വിളിച്ച വൃദ്ധനെ പരിഹസിച്ചതിന് അവതാരകനെ റേഡിയോ സ്‌റ്റേഷനില്‍ നിന്നു പുറത്താക്കാന്‍ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉത്തരവിട്ടിരുന്നു. എന്നാല്‍, താന്‍ രാജ്യത്തിന്റെ കീര്‍ത്തി സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് അവതാരകന്‍ അല്‍ അവാദി ചില മാധ്യമങ്ങളോടു പറഞ്ഞു.

chandrika: