ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ. നാലു വര്‍ഷത്തിനകം ചന്ദ്രനിലേക്ക് വിക്ഷേപണ വാഹനം അയക്കുമെന്ന് ദുബായ് ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ സൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. മുന്‍ ദൗത്യങ്ങള്‍ എത്തിപ്പെടാത്ത മേഖലകള്‍ ലക്ഷ്യമിട്ടാണ് രാജ്യത്തിന്റെ ദൗത്യമെന്ന് പ്രഖ്യാപനം നടത്തവെ ശൈഖ് മുഹമ്മദ് പറഞ്ഞു.
നൂറു ശതമാനം തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനമാണ് ദൗത്യത്തിനായി ഉപയോഗിക്കുക. അന്തരിച്ച ശൈഖ് റാഷിദിന്റെ പേരാണ് വിക്ഷേപണത്തിന് നല്‍കിയിട്ടുള്ളത്. ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്ന ലോകത്തെ നാലാമത്തെയും അറേബ്യയിലെ ആദ്യത്തെയും രാഷ്ട്രമാണ് യുഎഇ.
നേരത്തെ, അറബ് മേഖലയിലെ ആദ്യ ചൊവ്വാദൗത്യവും (അല്‍ അമല്‍) യുഎഇ നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാന്ദ്രദൗത്യ പ്രഖ്യാപനവും വരുന്നത്. അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ നഗരം സ്ഥാപിക്കുകയാണ് യുഎഇയുടെ ലക്ഷ്യം.