X

ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അൽതാനി അന്തരിച്ചു; മരണമടഞ്ഞത് ഇന്ത്യക്കാരുടെ ഉറ്റ തോഴൻ

അശ്‌റഫ് തൂണേരി/ദോഹ: ഖത്തർ അമീർ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു. തായ്‌ലൻഡിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ലബനാനിലെ ഖത്തറിന്റെ റെസിഡന്റ് അംബാസിഡറായും തുർക്കി, സിറിയ എന്നീ രാജ്യങ്ങളുടെ നോൺ റെസിഡന്റ് അംബാസിഡറായും പ്രവർത്തിച്ചു. ഒരു കൂട്ടം വാണിജ്യ പ്രമുഖരുമായി ചേർന്ന് ഖത്തർ നാഷണൽ ബാങ്ക് സ്ഥാപിച്ചതുൾപ്പെടെ നിരവധി മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ബിൻ ഹമദ് ഹോൾഡിംഗ് കമ്പനി സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമാണ്.

ജൂലൈ 22 ശനിയാഴ്ച മഗ്രിബ് നമസ്കാര ശേഷം, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്കാരം ഉണ്ടായിരിക്കുമെന്ന് ദിവാനി അമീർ അറിയിച്ചതായി ഖത്തർ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. പഴയ റയ്യാൻ ഖബർസ്ഥാനിലാണ് സംസ്കരിക്കുക. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്ര മന്ത്രി ഇ. അഹ്‌മദ്‌ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്നതിൽ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. ഇന്ത്യക്കാരുടെ നിരവധി പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ശ്രമിച്ചു.

2006 ൽ കോഴിക്കോട് മുസ്ലിം ലീഗ് അധ്യക്ഷ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ‘കർമവീഥിയിൽ കാൽ നൂറ്റാണ്ട്’ എന്ന പേരിൽ നൽകിയ സ്വീകരണ ചടങ്ങിൽ മുഖ്യ അതിഥിയായി അദ്ദേഹം പങ്കെടുത്തു. പ്രത്യേക ചാർട്ടർ വിമാനത്തിലാണ് ഖത്തർ മജ്ലിസ് ഷൂറ അംഗം ഡോ. അഹ്‌മദ്‌ ഉബൈദാനൊപ്പം അദ്ദേഹം കോഴിക്കോട് വന്നിറങ്ങിയത്. ആധുനിക ഖത്തറിന്റെ പിതാവ് എന്ന നിലയിൽ അറിയപ്പെടുന്ന മുൻ ഖത്തർ അമീർ ശൈഖ് ഖലീഫ ബിൻ ഹമദ് അൽത്താനിയുടെ മൂത്ത സഹോദരനാണ്. പിതാവ് അമീറിന്റെ ഭാര്യാ പിതാവ് കൂടിയാണ്.

മുൻ വിദ്യാഭ്യാസ മന്ത്രിയുടെ വിയോഗത്തിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തി. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ വിയോഗം ഖത്തറിനും ഇന്ത്യക്കും നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങൾ, ഇ അഹ്‌മദ്‌ എന്നിവരുമായി മികച്ച ബന്ധം ശൈഖ് കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

webdesk13: