X

ഖത്തറിനെതിരെയുള്ള ഉപരോധ നടപടി; ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറയുന്നു

ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറയുന്നു. ‘അല്‍ ജസീറ’ക്കു നല്‍കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.

നടപടിയില്‍ വേദനയും ആശങ്കയുമൊക്കെ ഞങ്ങള്‍ നേരത്തെതന്നെ പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഖത്തറിനുമേല്‍ ഇത്തരത്തിലുള്ള ഒരു ഉപരോധ നടപടിയേര്‍പ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങള്‍ തയ്യാറായതെന്ന് യഥാര്‍ത്ഥത്തില്‍ അറിയില്ലെന്ന് ഖത്തര്‍ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു. യഥാര്‍ത്ഥ കാരണങ്ങളെന്താണെന്നോ എന്തെങ്കിലും തരത്തിലുള്ള നിഗൂഢമായ താല്‍പ്പര്യങ്ങളോ സംഭവത്തിനു പിന്നിലുണ്ടോയെന്നും അറിയില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് റിയാദില്‍വെച്ചു നടന്ന ജിസിസി ഉച്ചകോടിയിലോ ഇതു സംബന്ധിച്ച യാതൊരു തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നില്ല. തങ്ങള്‍ക്കുനേരെയുള്ള പൊട്ടിത്തെറിയുടെ ഒരു സൂചനയോ ചര്‍ച്ചയോ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്‍ തങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ആരോപിച്ചു. ഇത്തരം ആരോപണങ്ങളില്‍ വഴുതിവീഴില്ലെന്നും ഇതിനെതിരെ ക്ഷമയോടെയും വിവേകത്തോടെയും പെരുമാറുമെന്നും വിദേശകാര്യ മന്ത്രി പറയുന്നു.

പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനായി കുവൈത്ത് അമീര്‍ ഷെയ്ഖ് ശാബാ ഇല്‍ അഹമ്മദ് അല്‍ ശാബാ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെയുള്ള നടപടി ആശങ്കപ്പെടുത്തുന്നതും ഏകപക്ഷീയവുമാണ്. എന്നാല്‍ ഇതേ രീതിയിലുള്ള ഒരു നിലപാടും കൈക്കൊള്ളാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ല. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും.

‘ഉപരോധമേര്‍പ്പെടുത്തിയ നടപടിയില്‍ പിന്തുണയുമായി പല രാജ്യങ്ങളിലേയും വിദേശ മന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നു. അറബ് ലോകത്ത് അനേകം യുദ്ധങ്ങളുണ്ട്. സിറിയയിലും , യെമനിലുമൊക്കെ അപകടകരമായ രീതിയിലുള്ള അവസ്ഥ നിലനില്‍ക്കേയാണ് ഖത്തറിനെതിരെയുള്ള ഇത്തരത്തിലുള്ള ജി.സി.സി രാജ്യങ്ങളുടെ നടപടി. ഈ നടപടികള്‍ ജി.സി.സിയുടെ ഭാവി ഇനിയെന്താകുമെന്നും സംശയമുണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതിനു മുമ്പും ഖത്തറില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിട്ടുണ്ട്. 1996-ലും 2004-ലും ജിസിസി രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതെല്ലാം തരണംചെയ്തു മുന്നോട്ടുവന്നു. രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സാധാരണ ജീവിതം നയിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള പദ്ധതികളും മുന്നോട്ട് തന്നെ കൊണ്ടുപോകും. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതിനും ലോകത്ത് നിന്നും തീവ്രവാദം തുടച്ചുനീക്കുന്നതിനും അമേരിക്കയുമായുള്ള കൂട്ടുകെട്ട് തുടരും. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും’- ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.

അതേസമയം, ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കുവൈത്തും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള സങ്കീര്‍ണ്ണമായ തിരിച്ചടികള്‍ക്കും മുതിരരുതെന്ന് കുവൈത്ത് ഖത്തറിന് ഉപദേശം നല്‍കി. രാജ്യത്തിനെതിരെയുള്ള നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ രാജ്യത്തെ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്‌

chandrika: