X

ശൈഖ് ഖലീഫ ക്ഷേമരാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഭരണാധികാരി: സാദിഖലി ശിഹാബ് തങ്ങള്‍

വിടവാങ്ങിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍നഹ്‌യാന്‍ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഭരണാധികാരിയായിരുന്നു എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് ആഗ്രഹിച്ചതെന്നും പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങള്‍ ശൈഖ് ഖലീഫയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ എല്ലാ ചേരുവകളോടും കൂടി യു.എ.ഇ ആധുനിക ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് ശൈഖ് ഖലീഫയെ പോലുള്ള ഭരണാധികാരികളുടെ മികവ് കൊണ്ടുകൂടിയാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ശൈഖ് ഖലീഫ ബദ്ധശ്രദ്ധനായിരുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും രാജ്യത്തിന്റെ ഉന്നതി അദ്ദേഹം ലക്ഷ്യം വെച്ചുവെന്നും യു.എ.ഇ എന്ന രാജ്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമായ പ്രവാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്നും സാദിഖലി തങ്ങള്‍ അനുസ്മരിച്ചു.

മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിക്ക് യു.എ.ഇയില്‍നിന്ന് ലഭിച്ച അംഗീകാരങ്ങള്‍ അവിസ്മരണീയമാണ്. പ്രവാസികളെ ചേര്‍ത്തുനിര്‍ത്തുന്ന യു.എ.ഇയുടെ നയമാണ് ഇതിന് സഹായകമായത്. ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഒരു ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായും സാദിഖലി തങ്ങള്‍ അറിയിച്ചു. നാളത്തെ (മെയ് 14 ശനി) പരിപാടികളാണ് മാറ്റിവെച്ചത്.

Test User: