പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍സായിദ് അല്നഹ്യാന് എന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും ആ ചരിത്രത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ പാത പിന്‍പറ്റി രാജ്യത്തെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവന്‍ ചെലവഴിച്ചതെന്നും ഇന്ത്യ- യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശികളെന്നോ വിദേശികളെന്നോ ഭേദമില്ലാതെ എല്ലാവരോടും അനുകമ്പയോടെയാണ് യു.എ.ഇ പെരുമാറിയത്. അതുകൊണ്ട് തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍നഹ്യാന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.