അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വാണിജ്യവിഭാഗമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ശൈഖ് ഖലീഫ അവാര്‍ഡിന് അര്‍ഹരായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഗുണമേന്മ, വിശ്വാസ്യത, പൊതുജനപ്രീതി എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ഏര്‍പ്പെടുത്തിയതാണ് ശൈഖ് ഖലീഫ അവാര്‍ഡ്. അബുദാബി എമിറേറ്റ്സ് പാലസില്‍നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍നഹ് യാന്‍ അവാര്‍ഡ് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫലി എംഎ അവാര്‍ഡ് ഏറ്റുവാങ്ങി. മന്ത്രിമാരും നിരവധി ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇത്രയും മികച്ച അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫലി എംഎ പറഞ്ഞു. ലുലു എന്നും അതിന്റെ ഗുണമേന്മയും പൊതുജന വിശ്വാസ്യതയും കൂടുതല്‍ ഉത്തരവാദിത്തമായിക്കണ്ടു മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അബുദാബി ഇസ്ലാമിക് ബാങ്ക്, ഇത്തിഹാദ് റെയില്‍, ട്രാന്‍സ്ഗ്വാഡ് ഗ്രൂപ്പ്, അല്‍മസഊദ് ആട്ടൊമൊബൈല്‍സ്, അല്‍വഹ്ദ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട മറ്റുസ്ഥാപനങ്ങള്‍.