ബംഗ്ലാദേശില്‍ നിന്ന് നാട് വിട്ട്് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഹസീന നടത്തുന്ന പ്രസ്താവനകളെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഹസീനയ്ക്ക് അഭയം നല്‍കിയതിനു ശേഷം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും മെല്ലെപോക്കാണെന്നും യൂനുസ് ആരോപിച്ചു.
‘അവരിപ്പോൾ ഇന്ത്യയിലുണ്ട്. ചില സമയങ്ങളിൽ അവർ സംസാരിക്കുന്നു. അത് പ്രശ്‌നകരമാണ്. അവർ മിണ്ടാതിരുന്നാൽ ഞങ്ങളത് മറക്കുമായിരുന്നു. അവർ അവരുടെ സ്വന്തം ലോകത്തായിരിക്കുമായിരുന്നതുപോലെ ജനങ്ങൾ അത് മറക്കുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇരുന്നു സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അതാർക്കും ഇഷ്ടപ്പെടുന്നതല്ല. ബംഗ്ലാദേശ് സർക്കാർ അവരെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സമയംവരെ ഇന്ത്യ അവരെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ നിശബ്ദത പാലിക്കണം -അദ്ദേഹം പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം രാജ്യത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ യൂനുസ് ധാക്കയിലെ തന്റെ ഔദ്യോഗിക വസതിയിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണിങ്ങനെ പ്രതികരിച്ചത്.
ഹസീന നിശബ്ദത പാലിക്കണമെന്ന നിലപാടിൽ ഞങ്ങൾ ഉറച്ചു നിൽക്കുകയാണ്. അഭയം നൽകിയ സ്ഥലത്തിരുന്ന് അവർ രാഷ്ട്രീയ പ്രചാരണം നടത്താൻ ശ്രമിക്കുന്നു. ശരീയായ രീതിയിലല്ല ഹസീന ഇന്ത്യയിലെത്തിയത്. അവർ പ്രക്ഷോഭത്തെയും പ്രതിഷേധക്കാരേയും ഭയന്ന് രാജ്യവിട്ടോടിയതാണ്. ഇന്ത്യയിൽ ഇരുന്ന് സംസാരിക്കുന്ന അവർ നിർദ്ദേശങ്ങളും നൽകുന്നു. ഇന്ത്യക്കും ബംഗ്ലാദേശിനും ഹസീനയുടെ നടപടി ഗുണകരമാകില്ല. ഞങ്ങൾക്ക് അസ്വസ്ഥതയുണ്ട്. യൂനുസ് കൂട്ടിച്ചേർത്തു.