ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യു.എ.ഇയുടെ പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിതനായി. യു.എ.ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയത് പ്രഖ്യാപിച്ചത്.
യു.എ.ഇ മന്ത്രിസഭയിലെ വിവിധ വകുപ്പുകളും പുനഃസംഘടിപ്പിച്ചു. വിദ്യാഭ്യാസം, മാനവ വിഭവശേഷി, കമ്യൂണിറ്റി ക്ഷേമം എന്നീ വകുപ്പുകളാണ് പുനഃസംഘടിപ്പിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം യു.എ.ഇ ഫെഡറൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്ക് മാറ്റി. സാറ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. മാനവ വിഭവശേഷി മന്ത്രി അബ്ദുർറഹ്‌മാൻ അൽ അവാറിനെ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള ഉന്നത പഠന വകുപ്പിന്റെ ആക്ടിങ് മിനിസ്റ്റർ കൂടിയായി നിയമിച്ചു.