X
    Categories: indiaNews

പൊലീസ് മെഡലില്‍ നിന്ന് ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം നീക്കുന്നു

ശ്രീനഗര്‍: പൊലീസ് മെഡലില്‍ നിന്ന് ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം നീക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. സര്‍ക്കാര്‍ നീക്കത്തിനെതിരെ നാഷണര്‍ കോണ്‍ഫറന്‍സും പി.ഡി.പിയും അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തി. ജമ്മുകശ്മീരിനെ സ്വതന്ത്ര രാഷ്ട്രമാക്കാതെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതില്‍ നിര്‍ണായകമായത് നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനായിരുന്ന ഷെയ്ഖ് അബ്ദുല്ലയുടെ നിലപാടുകളായിരുന്നു. മഹാ രാജാ ഹരീസിങിന്റെ നിലപാടുകളെ എതിര്‍ത്ത് കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ സമവായമുണ്ടാക്കി ജമ്മുകശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിച്ചത് ഷെയ്ഖ് അബ്ദുല്ലയുടെ നയപരമായ നീക്കങ്ങളായിരുന്നു.

ഷേര്‍ ഇ കശ്മീര്‍ (കശ്മീര്‍ സിംഹം) എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സംസ്ഥാന രൂപീകരണം മുതല്‍ പൊലീസിന്റെ ധീരതാ മെഡലുകളില്‍ ഒരുഭാഗത്ത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നവും മറുവശത്ത് ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രവും ഷേര്‍ ഇ കശ്മീര്‍ എന്ന മുദ്രയുമാണുള്ളത്. എന്നാല്‍ ഇത് മാറ്റി മെഡലിന്റെ ഒരുഭാഗത്ത് കശ്മീരിന്റെ ഔദ്യോഗിക മുദ്രയും മറുവശത്ത് ദേശീയ മുദ്രയും ആക്കി മാറ്റാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

Test User: