X
    Categories: CultureNewsViews

ഷീലാ ദീക്ഷിത്: ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരി

ന്യൂഡല്‍ഹി: 2018ല്‍ ഷീലാ ദീക്ഷിത് എഴുതിയ പുസ്തകത്തിന്റെ പേരാണ് ദില്ലി മേരാ ദില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വനിതാ നേതാവായിരുന്ന ഷീലാ ദീക്ഷിതിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് തലസ്ഥാന നഗരിയായ ഡല്‍ഹിയുടെ മുഖഛായ മാറ്റിയ ഭരണാധികാരിയെയാണ്. തുടര്‍ച്ചയായ ഒന്നരപ്പതിറ്റാണ്ട് സംസ്ഥാനത്തിന്റെ ചെങ്കോലേന്തിയ ഷീലാ ദീക്ഷിത് ഡല്‍ഹിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി എന്ന ഖ്യാതിക്കും ഉടമയായിരുന്നു.
ആധുനിക ഡല്‍ഹിയുടെ പരിവര്‍ത്തക എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇന്നു കാണുന്ന ഡല്‍ഹിയുടെ ഓരോ അണുവിലും ആ ഭരണാധികാരിയുടെ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. ആധുനികവല്‍ക്കരിക്കപ്പെട്ട നഗരപാതകളും സര്‍ക്കാര്‍ മന്ദിരങ്ങളും മുതല്‍ ഡല്‍ഹി മെട്രോ വരെ അതിന്റെ സാക്ഷ്യ ചിത്രങ്ങളാണ്.
കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയില്‍ ഇന്നു കാണുന്ന തരത്തിലുള്ള വിപുലമായ അധികാരങ്ങളുള്ള സംസ്ഥാന നിയമസഭാ കൗണ്‍സിലും മന്ത്രിസഭാ സമിതിയും നിലവില്‍ വരുന്നത് 1991ലെ 69ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. 1993ലാണ് ഇതിനു ശേഷം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി അധികാരത്തില്‍ എത്തിയെങ്കിലും അഞ്ചു വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാര്‍ മാറി മാറി വന്നു. മദന്‍ ലാല്‍ ഖുരാന, സാഹിബ് സിങ് വര്‍മ, സുഷമാ സ്വരാജ് എന്നിവര്‍. ആഭ്യന്തര പ്രശ്‌നങ്ങളും പടലപ്പിണക്കങ്ങളും ദുര്‍ബലമാക്കിയ ബി.ജെ.പി 1998ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിന് പുറത്തായി. പകരം എത്തിയത് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തിലെ പുതുയുഗപ്പിറവിയായിരുന്നു അത്.
2003ലും 2008ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ എത്തുകയും ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. ഡല്‍ഹിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ വികസന പദ്ധതികള്‍ക്ക് തറക്കല്ലുപാകുകയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്ത കാലമായിരുന്നു തുടര്‍ന്നുള്ള 15 വര്‍ഷങ്ങള്‍. മികച്ച റോഡുകള്‍, പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, ശുചിത്വമുള്ള തെരുവുകള്‍, മെട്രോ റെയില്‍ സര്‍വീസ്, സബര്‍ബന്‍ റെയില്‍ സര്‍വീസ്.., ഡല്‍ഹി പുതിയ കുതിപ്പിന്റെ വഴിയിലായിരുന്നു.
കോമണ്‍ വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം കൂടി ഡല്‍ഹിക്ക് കൈവന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറി. ഗെയിംസിന്റെ പേരില്‍ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍കൂട്ടായി മാറി. എന്നാല്‍ ഡല്‍ഹിയെ പ്രതിഷേധത്തിന്റെ കനല്‍ക്കടലാക്കി മാറ്റിയ നിര്‍ഭയ സംഭവമാണ് ഷീലാ ദീക്ഷിതിന്റെയും കോണ്‍ഗ്രസിന്റെയും സ്വപ്‌നങ്ങളെ തച്ചുടച്ചത്. തെരുവിലിറങ്ങിയ യുവത്വം ഡല്‍ഹി നഗരത്തെ ഒന്നാകെ യുദ്ധക്കളമാക്കി മാറ്റിയപ്പോള്‍ ഇതിനെ ചെറുക്കാന്‍ സ്വീകരിച്ച നടപടികള്‍ പലതും തിരിച്ചടിയായി മാറി. കേന്ദ്രവും സംസ്ഥാനവും കോണ്‍ഗ്രസ് ഭരണത്തിനു കീഴിലായിരുന്നു എന്നത് പാപഭാരത്തിന്റെ കനമേറ്റി. അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരം ഇതിനു പിന്നാലെ വന്ന മറ്റൊരു ഇടിത്തീ ആയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഷീലാ ദീക്ഷിതിനെതിരെ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ കൂടിയായതോടെ പതനത്തിന് വേഗമേറി.
സംസ്ഥാന മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം കേരള ഗവര്‍ണര്‍ ഉള്‍പ്പെടെ പല പദവികളിലും ഷീലാ ദീക്ഷിത് അവരോധിക്കപ്പെട്ടെങ്കിലും അവരുടെ ശ്വാസ നിശ്വാസങ്ങള്‍ എന്നും തലസ്ഥാന നഗരിക്കൊപ്പമായിരുന്നു. പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള മടക്കയാത്രക്ക് വഴിയൊരുക്കിയതും ഡല്‍ഹിയുമായുള്ള ഈ അഭേദ്യ ബന്ധമാണ്. നിസാമുദ്ദീനിലെ വസതിയിലിരുന്ന് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ അവര്‍ സാകൂതം നിരീക്ഷിച്ചു. തീരുമാനങ്ങളെടുത്തു. നടപ്പാക്കി. പലതും പാളിപ്പോയി. ചിലതെല്ലാം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി. എങ്കിലും ഷീലാ ദീക്ഷിത് എന്ന രാഷ്ട്രീയ നേതാവിലുള്ള വിശ്വാസത്തെ അത് ബാധിച്ചില്ല. അപ്രതീക്ഷിതമായ വിടവാങ്ങല്‍ നിമിഷം വരെയും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: