X
    Categories: MoreViews

മലയാളിയായ ഷീല ബാലകൃഷ്ണനടക്കം ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി മൂന്നുപേര്‍ക്ക് മാത്രം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മൂന്നുപേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. മലയാളിയായ ഷീല ബാലകൃഷ്ണനടക്കം മൂന്നുപേര്‍ക്കാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. അതകൊണ്ടുതന്നെ ആശങ്കയോടെ ലോകം ഉറ്റുനോക്കുന്നത് ഷീലയിലേക്കാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് ഷീല ബാലകൃഷ്ണന്‍.

ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അടുത്തമുറിയില്‍ താമസിച്ചിരുന്നത് ഷീലയാണ്. ഐഎഎസ് പദവിയില്‍ നിന്നും വിരമിച്ച ഷീല തിരുവനന്തപുരം സ്വദേശിയാണ്. അസുഖബാധിതയായി ആസ്പത്രിയില്‍ കഴിയുമ്പോഴും ഭരണം ഏല്‍പ്പിച്ചത് ഷീലയെയായിരുന്നു. ഭരണകാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നത് അവരായിരുന്നു. കാലങ്ങളായുള്ള വിശ്വസ്തയായ ഷീലക്ക് മാത്രമായിരുന്നു ജയിലിലായിരുന്ന സമയത്ത് സന്ദര്‍ശനാനുമതിപോലും നല്‍കിയത്. അന്ന് പനീര്‍ശെല്‍വത്തിന് പോലും അനുമതി നല്‍കിയിരുന്നില്ല. ഷീലയിലാണ് ജയലളിതക്ക് വിശ്വാസം. ഷീലയറിയാതെ ഒരിനക്കവും നടക്കില്ലെന്നും മന്ത്രിമാര്‍ക്കറിയാം. അതുകൊണ്ടൊക്കെ തന്നെയാണ് ആശങ്കയോടെ തമിഴ്‌ലോകമൊന്നാകെ ഷീലയുടെ വാക്കുകളിലേക്കും കണ്ണുംനട്ടിരിക്കുന്നത്.

2014-ലാണ് ചീഫ് സെക്രട്ടറിയായി ഷീല വിരമിക്കുന്നത്. പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ഷീലയെ നിയമിക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയുള്ള ഷീല തഞ്ചാവൂര്‍ മേഖലയില്‍ അസിസ്റ്റന്റ് കളക്ടറായാണ് ആദ്യം നിയമിക്കപ്പെടുന്നത്. 2002-ലാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഷീലക്ക് ബന്ധമുണ്ടാകുന്നതും പിന്നീട് ആ ബന്ധം വിശ്വസ്തയാകുന്ന നിലയിലേക്ക് വളരുന്നതും. എന്നാല്‍ ജയയുടെ പിന്‍ഗാമിയായി പലരും ഷീലയെ കണ്ടെങ്കിലും വേണ്ടത്ര രാഷ്ട്രീയ പാരമ്പര്യമില്ലാത്തത് അതിനുള്ള സാധ്യത മങ്ങിച്ചു.

chandrika: