X
    Categories: indiaNews

മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു;പിന്നാലെ മകളുടെ ‘ശവസംസ്‌കാരം’ നടത്തി കുടുംബം

ഭോപ്പാല്‍: മകള്‍ മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ശവസംസ്‌കാരം നടത്തി കുടുംബം. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. 22കാരിയായ അനാമിക ദുബേയാണ് മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത്.

ജബല്‍പൂരിലെ ഒരു ബ്രാഹ്മണ കുടുംബമാണ് അനാമിക. അടുത്തിടെയാണ് പെണ്‍കുട്ടി മധ്യപ്രദേശ് സ്വദേശിയായ അയാസിനെ വിവാഹം കഴിച്ചത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി ഹിന്ദു ആചാരപ്രകാരം മകളുടെ ശവസംസ്‌കാര ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഗ്വാരിഘട്ടിലുള്ള നര്‍മദ നദിക്കരയിലെത്തി മരണാന്തര ചടങ്ങുകള്‍ നിര്‍വഹിക്കുകയും ചെയ്തു.

മകളെ തള്ളിപ്പറഞ്ഞ് അനുശോചനക്കുറിപ്പും അനാമികയുടെ അച്ഛന്‍ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ 2ന് മകള്‍ മരിച്ചെന്ന് കുറിപ്പില്‍ പറയുന്നു. മകളെ കുപുത്രിയെന്ന് വിശേഷിപ്പിക്കുന്ന കുറിപ്പില്‍ അവള്‍ക്ക് നരകം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ അയാസിന്റെ കുടുംബത്തോടൊപ്പമാണ് അനാമിക കഴിയുന്നത്.

22 വര്‍ഷത്തോളം എല്ലാ സ്‌നേഹവും നല്‍കിയാണ് മകളെ വളര്‍ത്തിയതെന്ന് കുടുംബം പറഞ്ഞു. മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിലൂടെ കുടുംബത്തെ അപമാനിച്ചിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചെങ്കിലും മധ്യപ്രദേശ് പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി യുവാവിനെ വിവാഹം കഴിച്ചതെന്നും പൊലീസ് പറഞ്ഞു.

 

 

webdesk13: