X
    Categories: indiaNews

ബിജെപിയുടെ അജണ്ട പുറത്ത്; മുത്തലാഖിനെതിരെ പോരാടിയ ഷയാറ ബാനോ ബിജെപിയില്‍ ചേര്‍ന്നു

ഡെറാഡൂണ്‍: മുത്തലാഖ് നിരോധനത്തിനായി പൊരുതിയ ഷയാറ ബാനോ ബിജെപിയില്‍ ചേര്‍ന്നു. ഡെറാഡൂണില്‍ വെച്ച് ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ നിന്നാണ് ഷയാറ ബാനോ ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് ഷയാറ ബാനോവിന് നല്‍കിയതെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാന്‍സിധര്‍ ഭാഗത് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തു വെച്ച് അവര്‍ പ്രാഥമിക അംഗത്വം സ്വീകരിച്ചു.’ ഉത്തരാഖണ്ഡ് ബിജെപി ട്വിറ്ററില്‍ കുറിച്ചു.

താന്‍ ബിജെപി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാണെന്ന് 2018ല്‍ തന്നെ ഷയാറ ബാനോ വ്യക്തമാക്കിയിരുന്നു. ‘ബിജെപി ഒരു നല്ല പാര്‍ട്ടിയല്ലെന്നും ഇത് മുസ്ലീങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ഒരു ശക്തമായ ധാരണയുണ്ട്. ഈ വിശ്വാസം വേരോടെ പിഴുതെറിയണം. ഇതാണ് പാര്‍ട്ടിയില്‍ ചേരാന്‍ ഞാന്‍ തീരുമാനിച്ചതിന്റെ കാരണം ബിജെപി മുസ്ലീങ്ങളെയും ഒരു പോലെ പരിഗണിക്കുന്നുണ്ട് എന്ന് തെളിയിക്കണം.’ പാര്‍ട്ടി അംഗത്വമെടുത്തതിനു പിന്നാലെ ഷയാറ ബാനോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഒരു ടിക്കറ്റ് ലഭിച്ചാല്‍ വേണ്ടെന്നു പറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുത്തലാഖിനെതിരെ സുപ്രീം കോടതി ഫയല്‍ ചെയ്ത ഹര്‍ജിയിലെ യഥാര്‍ഥ ഹര്‍ജിക്കാരിയാണ് 38കാരിയായ ഷയാറ ബാനോ. 2016ലാണ് മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷയാറ ബാനോ സുപ്രീം കോടതിയെ സമീപിച്ചത്. 2017ല്‍ സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.

chandrika: