X

ശൗര്യം ചോര്‍ന്ന് ഉര്‍ദുഗാന്‍-എഡിറ്റോറിയല്‍

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനില്‍നിന്ന് ലോകം പ്രതീക്ഷിച്ചതല്ല ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പഴയ ആദര്‍ശവാദത്തില്‍നിന്ന് അദ്ദേഹം പിറകോട്ട് പോയിത്തുടങ്ങിയോ എന്ന് പലരും സംശയിച്ചു തുടങ്ങിയിരിക്കുന്നു. ചില പ്രത്യേക തിരിച്ചറിവുകള്‍ അദ്ദേഹത്തെ പലതിനും പ്രേരിപ്പിക്കുന്നുണ്ടെന്നതും വസ്തുതയാണ്. അമേരിക്കയിലും ഇസ്രാഈലിലും തുര്‍ക്കിയുടെ അംബാസഡറായി സേവനമനുഷ്ഠിച്ച നമിക് ടാന്‍ പറയുന്നതുപോലെ ‘പ്രത്യയ ശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വയം ഒറ്റപ്പെടുന്നത് ഭാരിച്ച നഷ്ടമുണ്ടാക്കുമെന്ന് ഉര്‍ദുഗാന് ബോധ്യം വന്നുവെന്ന’ അനുമാനത്തില്‍ വലിയ പിശകുണ്ടാകാന്‍ ഇടയില്ല. 10 വര്‍ഷം നീണ്ട പിണക്കം അവസാനിപ്പിച്ച് തുര്‍ക്കിയും ഇസ്രാഈലും ഇണങ്ങാന്‍ തീരുമാനിച്ച വിവരം അല്‍പം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അംബാസഡര്‍മാരെ അയച്ച് നയതന്ത്ര ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ കൂട്ടിയിണക്കാനും ധാരണയായിട്ടുണ്ട്. ഇസ്രാഈലിനെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച ഉര്‍ദുഗാന്‍ തന്നെയാണ് സൗഹൃദത്തിന് കാര്‍മികത്വം വഹിക്കുന്നത്.

2017ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതിനോട് ഇത്രയും വികാര തീവ്രമായി പ്രതികരിച്ച മറ്റൊരു നേതാവുണ്ടാവില്ല. തുര്‍ക്കി നേതാവ് തങ്ങളെ വേദാന്തം പഠിപ്പിക്കേണ്ടെന്നായിരുന്നു അതിന് അന്നത്തെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ മറുപടി. ഉര്‍ദുഗാന് കീഴില്‍ ഒരുകാലത്തും തുര്‍ക്കി ഇസ്രാഈലുമായി അടുക്കില്ലെന്നാണ് എല്ലാവരും കരുതിയത്. പഴയ ശത്രുത മറന്ന് പരസ്പരം പുണരാന്‍ ഇസ്രാഈലിന് ചിലപ്പോള്‍ ലജ്ജയുണ്ടായിരിക്കില്ല. പക്ഷെ, ഉര്‍ദുഗാനില്‍നിന്ന് ലോകം, പ്രത്യേകിച്ചും ഫലസ്തീനികള്‍ ഇത്തരമൊരു നിലപാട് മാറ്റം പ്രതീക്ഷിച്ചതല്ല. ഗസ്സയില്‍ ഇസ്രാഈല്‍ ബോംബ് വര്‍ഷിച്ച് മൂന്ന് ദിവസത്തിനിടെ 15 കുട്ടികളടക്കം 44 ഫലസ്തീനികളെ കൊലപ്പെടുത്തുകയും നൂറുകണക്കിന് ആളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് ഇസ്രാഈലും തുര്‍ക്കിയും നയതന്ത്ര ബന്ധങ്ങള്‍ പൂര്‍ണതോതില്‍ പുന:സ്ഥാപിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നാല് വര്‍ഷം മുമ്പ് ഗസ്സയില്‍ അറുപതോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രാഈല്‍ അംബാസഡറെ പുറത്താക്കാന്‍ ചങ്കൂറ്റം കാണിച്ച ഉര്‍ദുഗാന്‍ ഇത്തവണ കണ്ണീര്‍വാര്‍ത്തില്ല. സംയമനം പാലിക്കണമെന്ന പതിവ് പ്രസ്താവനയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ രോഷപ്രകടനം ഒതുങ്ങി. അതിനുശേഷവും അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ സേന നരനായാട്ട് നടത്തിയെങ്കിലം ലോകം കണ്ട ഭാവം നടിച്ചില്ല. നാറ്റോ അംഗമായ തുര്‍ക്കിയെപ്പോലൊരു പ്രബല രാഷ്ട്രത്തെപ്പോലും വശീകരിച്ച് കൂടെ നിര്‍ത്താന്‍ സാധിച്ചതിലൂടെ സയണിസ്റ്റ് രാഷ്ട്രം ആര്‍ജിച്ചത് വലിയ ആത്മധൈര്യമാണ്. ഫലസ്തീനികളെ എത്ര തല്ലിയാലും ആരും ചോദിക്കാനും പറയാനുമില്ലെന്ന് ഇസ്രാഈലിന് ബോധ്യമായിരിക്കുന്നു. ഒരുകാലത്ത് ഇസ്രാഈലുമായി തുര്‍ക്കിക്ക് ഉറ്റ ബന്ധമാണുണ്ടായിരുന്നത്.

ഇസ്രാഈലിനെ അംഗീകരിച്ച ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രവും തുര്‍ക്കിയാണ്. തുര്‍ക്കിയില്‍ ജനാധിപത്യവാദികളും ഇസ്‌ലാമിസ്റ്റുകളും അടിച്ചമര്‍ത്തപ്പെട്ട കാലം കൂടിയായിരുന്നു അത്. സാമ്പത്തിക, വ്യാപാര, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പശ്ചമേഷ്യയില്‍ ഇസ്രാഈലിന് ചെറിയൊരു മുറിവു പറ്റിയാല്‍ തുര്‍ക്കിക്ക് വല്ലാതെ നോവുമായിരുന്നു. ഉര്‍ദുഗാന്‍ അധികാരത്തിലെത്തിയതോടെയാണ് അല്‍പം മാറ്റമുണ്ടായത്. 2005ല്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ 2005ല്‍ ഉര്‍ദുഗാന്‍ ഇസ്രാഈലില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയെങ്കിലും നിരാശനായി മടങ്ങേണ്ടിവന്നു. 2009ല്‍ രണ്ടായിരത്തോളം ഫലസ്തീനികളെ കൊന്നൊടുക്കി ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ ഉഭയകക്ഷി ബന്ധത്തിന് ഉലച്ചില്‍ തട്ടിച്ചു. 2013ല്‍ ഗസ്സയിലേക്ക് അന്താരാഷ്ട്ര സഹായവുമായെത്തിയ കപ്പലുകള്‍ ആക്രമിച്ച് ഇസ്രാഈല്‍ കമാന്‍ഡോകള്‍ തുര്‍ക്കി പൗരന്മാരായ 10 മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഇരു രാജ്യങ്ങളെയും പരസ്പരം അകറ്റി. വെല്ലുവിളിച്ചും വാക്‌പോരാട്ടം നടത്തിയുമാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുര്‍ക്കിയും ഇസ്രാഈലും മുന്നോട്ടു പോയത്.

ഈ വര്‍ഷം ആദ്യത്തോടെ ഉര്‍ദുഗാന്‍ ഇസ്രാഈലിന് കീഴ്‌പ്പെട്ടു തുടങ്ങി. മാര്‍ച്ചില്‍ ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നടത്തിയ തുര്‍ക്കി സന്ദര്‍ശനത്തെ ചരിത്രപ്രധാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒടുവില്‍ പിണക്കം അവസാനിപ്പിച്ച് ഇണക്കത്തില്‍ എത്തിനില്‍ക്കുന്നു. സാമ്പത്തിക താല്‍പര്യങ്ങളാണ് തുര്‍ക്കിയെ വീണ്ടും ഇസ്രാഈലുമായി അടുപ്പിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നണ്ട്. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധി ജനസമ്മിതിയെ ബാധിക്കുമെന്ന് ഉര്‍ദുഗാന്‍ ഭയക്കുന്നു. ഇസ്രാഈലിനെ കൂട്ടുപിടിക്കുന്നതോടെ ഉഭയകക്ഷി വ്യാപാരം 2500 കോടി ഡോളറായി ഉയരുമെന്നാണ് തുര്‍ക്കി കണക്കുകൂട്ടുന്നത്. അട്ടിമറിക്കാരായ സൈനികരെ തെരുവില്‍ നേരിട്ട് തനിക്ക് സുരക്ഷയൊരുക്കിയ ജനം തിരിഞ്ഞുകുത്തുമെന്ന് ഉര്‍ദുഗാന് ഭയമുണ്ട്. എന്നാല്‍ നിര്‍ഭയനായ ഭരണാധികാരിയെയാണ് സമീപ കാലം വരെയും തുര്‍ക്കി ജനത അദ്ദേഹത്തില്‍ കണ്ടത്. അവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതും ധീരമായ നിലപാടുകളുടെ പേരിലായിരുന്നു. പക്ഷെ, ഉര്‍ദുഗാന്റെ വ്യക്തിത്വം കളങ്കിതമാണെന്ന് അറിയുന്ന നിമിഷം തുര്‍ക്കി പുനരാലോചനക്ക് നിര്‍ബന്ധിതമാകുമെന്ന് തീര്‍ച്ച.

Test User: