ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ അഞ്ച് കളവുകള്‍ തെളിവ് സഹിതം പൊളിച്ച് എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. ജവഹര്‍ ലാല്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി അപമാനിക്കാന്‍ ചരിത്രത്തെ വളച്ചൊടിച്ചാണ് മോദി കളവുകള്‍ പ്രചരിപ്പിച്ചത്. മോദി പറഞ്ഞ നാല് കാര്യങ്ങളെ തെളിവ് സഹിതം പൊളിച്ചാണ് ഇപ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത് വന്നിരിക്കുന്നത്.
ജവഹര്‍ ലാല്‍ നെഹ്‌റു അടക്കമുള്ള ഒരു കോണ്‍ഗ്രസ് നേതാവും രക്തസാക്ഷിയായ ഭഗത് സിങ്ങിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നില്ല എന്നായിരുന്നു മോദി കര്‍ണാടകയില്‍ പറഞ്ഞത്. എന്നാല്‍ 1929 ഓഗസ്റ്റ് 9ന് നെഹ്‌റു ഭഗത് സിങ്ങിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.
ചരിത്ര പ്രസിദ്ധമായ പ്രാചീന സര്‍വകലാശാലയായ തക്ഷശില സര്‍വകലാശാല ബീഹാറിലാണെന്ന് രണ്ടു തവണ (2013&2017) മോദി പറഞ്ഞിരുന്നു. എന്നാല്‍ തക്ഷശില നിലവില്‍ പാക്കിസ്ഥാനിലാണ്. നളന്ദ സര്‍വകലാശാലയാണ് ബീഹാറിലുള്ളതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ഹീറോ ആയിരുന്ന ജനറല്‍ കരിയപ്പയെ നെഹ്‌റു അപമാനിച്ചു എന്നായിരുന്നു മോദി കര്‍ണാടകയില്‍ പ്രസംഗിച്ചത്. എന്നാല്‍ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1953ല്‍ തന്നെ കരിയപ്പ വിരമിച്ചിരുന്നു. മാത്രവുമല്ല കോണ്‍ഗ്രസുകാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1986ല്‍ കരിയപ്പക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ഓര്‍മ്മിപ്പിച്ചു.
കരസേനാ മേധാവിയായിരുന്ന ജനറല്‍ തിമ്മയ്യയെ 1948ല്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ കൃഷ്ണമേനോന്‍ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു നുണ. എന്നാല്‍ 1957-1961 വരെയായിരുന്നു തിമ്മയ്യ കരസേന മേധാവിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധമന്ത്രിയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. താങ്കളുടെ ഉപദേശകര്‍ക്ക് ചരിത്രത്തിലുള്ള അറിവ് വളരെ പരിമിതമാണ്. അത് മെച്ചപ്പെടുത്തണമെന്ന ഉപദേശവും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റിലൂടെ നല്‍കി.