റീലിലും റിയൽ ലൈഫിലും നിറയെ ബലാത്സംഗികളാണ് തൃണമൂൽ കോൺഗ്രസിലെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. അസൻസോൾ മണ്ഡലത്തിൽ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് അമിത് മാളവ്യയുടെ വിവാദ പരാമർശം.
‘അസൻസോളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹയെ നോക്കൂ. യഥാർത്ഥ ജീവിതത്തിൽ ഷാജഹാൻ ഷെയ്‌ക്കിനെ പോലെയുള്ളവരും റീൽ ജീവിതത്തിൽ (സിനിമ) ശത്രുഘ്ൻ സിൻഹയെ പോലെ ഉള്ളവരുമാണ്.
അപ്രകാരം തൃണമൂൽ കോൺഗ്രസ് ബലാത്സംഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്’. സിനിമയിൽ നിന്നുള്ള ശത്രുഘ്‌നൻ സിൻഹയുടെ വിഡിയോ പങ്കുവെച്ചാണ് എക്സിൽ അമിത് മാളവ്യ അധിക്ഷേപ പരാമർശം നടത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രിയങ്ക ടിബ്രേവാളും ശത്രുഘ്നൻ സിൻഹക്കെതിരെ സമാന അധിക്ഷേപം നടത്തി.
“തൃണമൂലിന്റെ യഥാർത്ഥ, റീൽ ലൈഫ് ഹീറോകൾ തമ്മിലുള്ള സാമ്യം നോക്കൂ. തൃണമൂലിന്റെ അഭിപ്രായത്തിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത ഷാജഹാനെപ്പോലുള്ളവരാണ് യഥാർത്ഥ ജീവിതത്തിലെ നായകന്മാർ, അവരുടെ റീൽ ലൈഫ് ഹീറോകൾ സിനിമകളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ശത്രുഘ്നൻ സിൻഹയെപ്പോലുള്ള ആളുകളാണ്. ടി.എം.സിയുടെ പട്ടിക പുറത്തുവന്നപ്പോൾ അവരിൽ ഭൂരിഭാഗവും കളങ്കിതരാണ്.
അവർക്കെതിരെ കേസുകൾ നിലവിലുണ്ട്. പാർലമെൻ്റിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയെപ്പോലുള്ളവർക്ക് അവർ ടിക്കറ്റ് നൽകിയിട്ടുണ്ട്. വരും വർഷങ്ങളിലും സമാനമായ ഫലങ്ങൾ തങ്ങൾ കാണുമെന്നതിൽ അതിശയിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.