ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. നിലവില്‍ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ അല്ലെന്നും മോദി സര്‍ക്കാര്‍ എന്നാണ് അതിനെ പറയേണ്ടതെന്നും സിന്‍ഹ കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് വണ്‍മാന്‍ ഷോയാണ്. സംസാരിച്ചാല്‍ വെടിവെച്ചു കൊന്നുകളയും. ജനങ്ങളെല്ലാം ഭയത്തിലാണ്, ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് താന്‍ സംസാരിക്കുമ്പോള്‍ ഒരു റിബല്‍ സംസാരിക്കുന്നുവെന്നാണ് ജനങ്ങള്‍ കരുതുകയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ താല്‍പര്യങ്ങളൊന്നും തനിക്കില്ല. രാജ്യം കണ്ട ഏറ്റവും മികച്ച കാമ്പയിനറാണ് മോദി. പ്രചാരണം കൊണ്ട് ജനങ്ങളുടെ വയര്‍ നിറക്കാനാവില്ല. ആവശ്യത്തിലേറെ അദ്ദേഹം പ്രസംഗം നടത്തി. എന്നാല്‍ പ്രവൃത്തിയില്‍ അതൊന്നും കാണുന്നില്ല. ശ്രദ്ധ തിരിച്ചുവിട്ടതു കൊണ്ട് കാര്യമില്ല. തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും തകര്‍ന്നുനില്‍ക്കുകയാണെന്നും സിന്‍ഹ പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞ തീരുമാനമായിരുന്നു. തെറ്റായ നീക്കമായിരുന്നു അത്. ഒരാളോടു പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു ആ നീക്കം. പാര്‍ട്ടിയിലെ മുതിര്‍ന്നവരോടോ രാജ്യത്തെ പണ്ഡിതന്മാരോടോ വിദഗ്ധരോടോ ചര്‍ച്ച ചെയ്തില്ല. രാജ്യത്ത് മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് കിടക്കുന്നതു കൊണ്ടാണ് പ്രതിസന്ധിയുണ്ടാകുന്നത്. മതം ഒരു വ്യക്തിപരമായ വിഷയമാണ്. ആര്‍ക്കും അത് അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. മതത്തിന്റെ പേരില്‍ ആരെയും അടിച്ചമര്‍ത്തുന്നത് ശരിയല്ല. മതവും രാഷ്ട്രീയവും കൂടി കലരുമ്പോള്‍ ജനങ്ങള്‍ രോഷാകുലരാവും. ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. വാജ്‌പേയിയുടെ കാലത്ത് എല്ലാവര്‍ക്കും തുല്യമായ സ്‌പെയ്‌സ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. എന്നെ മന്ത്രിയാക്കാത്തതു കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്നാവും ചിലരുടെ ആക്ഷേപം. എന്നാല്‍ അതല്ല, കഴിവുള്ള ഒരുപാട് പേരുണ്ട് പാര്‍ട്ടിയില്‍. കഴുത്തറുപ്പന്‍ രാഷ്ട്രീയമാണിന്ന് ഉള്ളത്. ഭയ മനോഭാവമാണിത്. ഹിറ്റ്‌ലര്‍ ഭരണകൂടത്തിലാണ് ഇത് സംഭവിക്കുക. സംസാരിച്ചാല്‍ വെടിവെച്ചു കൊല്ലും. ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് പോലെയാണ് മിക്ക മന്ത്രിമാരും പെരുമാറുന്നതെന്നും അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു