X
    Categories: CultureMoreNewsViews

തേജസ്വി ബിഹാറിന്റെ ഭാവി മുഖം: ശത്രുഘ്‌നന്‍ സിന്‍ഹ

റാഞ്ചി: റാഞ്ചിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ബി.ജെ.പി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ സന്ദര്‍ശിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(റിംസില്‍) എത്തിയാണ് സിന്‍ഹ ലാലുവിനെ കണ്ടത്.
ബി.ജെ.പിയിലെ മോദി – അമിത് ഷാ അച്ചുതണ്ടുമായി ഏറ്റുമുട്ടല്‍ പാതയിലുള്ള ശത്രുഘ്‌നന്‍ സിന്‍ഹ റാഞ്ചിയിലെത്തിയത് സൗഹൃദ സന്ദര്‍ശനത്തിനാണെങ്കിലും കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായിയുടെ കൂടെയാണ് സിന്‍ഹ ലാലുവിനെ കാണാനെത്തിയത്.
നല്ല കാലത്തും മോശം കാലത്തും ഒരേ നിലയില്‍ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് താനും ലാലു പ്രസാദ് യാദവുമെന്ന് കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ആ ബന്ധം ഇനിയും തുടരുമെന്ന് പറഞ്ഞ സിന്‍ഹ, ലാലുവിന്റെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
തേജസ്വി സമര്‍ത്ഥനായ കുട്ടിയാണ്. ബിഹാറിന്റെ ഭാവി മുഖമാണ് തേജസ്വിയില്‍ താന്‍ കാണുന്നത്. അവന് നല്ല ഭാവിയുണ്ടെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ലാലുവുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്‌തോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുടുംബ കാര്യങ്ങളാണ് ഏറെയും ചര്‍ച്ച ചെയ്തതെന്നായിരുന്നു സിന്‍ഹയുടെ മറുപടി. ബിഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തില്‍നിന്നുള്ള സിറ്റിങ് എം.പിയാണ് ശതുഘ്‌നന്‍ സിന്‍ഹ. ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സിന്‍ഹക്ക് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ പട്‌നാ സാഹിബ് മണ്ഡലത്തില്‍നിന്ന് ആര്‍.ജെ.ഡി പിന്തുണയോടെ അദ്ദേഹം ജനവിധി തേടിയേക്കും.
എന്‍.ഡി.എ സഖ്യകക്ഷിയായ ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി കഴിഞ്ഞ ദിവസം ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ആര്‍.ജെ.ഡി – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ശത്രുഘ്‌നന്‍ സിന്‍ഹയെക്കൂടി ബി.ജെ.പി വിരുദ്ധ ക്യാമ്പില്‍ എത്തിക്കാനുള്ള ആര്‍.ജെ.ഡി നീക്കത്തിന്റെ ഭാഗമാണ് ആസ്പത്രി സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: