ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താന്‍ കോണ്‍ഗ്രസ്സില്‍ ചേരുമായിരുന്നുവെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ബി.ജെ.പിയില്‍ നിന്നും താന്‍ രാജിവെക്കില്ലെന്നും സിന്‍ഹ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും രാജിവെക്കില്ല. പാര്‍ട്ടിക്ക് വേണമെങ്കില്‍ തന്നെ പുറത്താക്കാം. എല്ലാവരില്‍ നിന്നും പഠിക്കണം, അത് രാവണനില്‍ നിന്നായാലും എന്നാണ് നമ്മുടെ പൂര്‍വീകര്‍ എഴുതിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും എന്താണ് പഠിച്ചതെന്ന ചോദ്യത്തിന് ശത്രുഖ്‌നന്‍ സിന്‍ഹ മറുപടി നല്‍കി. ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ് ഭിന്നത. ബി.ജെ.പിയില്‍ ആ റോള്‍ വഹിക്കുന്നവരില്‍ ഒരാളാണ് താനെന്നും ശത്രുഘ്‌നന്‍
സിന്‍ഹ പറഞ്ഞു.
വാജ്‌പേയിയുടെ കാലത്ത് സര്‍ക്കാരിന് ജനാധിപത്യ മുഖമായിരുന്നു. ഇപ്പോഴത്തേത് ഏകാധിപത്യ മുഖമാണ്. നോട്ട് അസാധുവാക്കള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ രഹസ്യമായി സ്വീകരിച്ച് അര്‍ദ്ധരാത്രിയില്‍ നടപ്പിലാക്കുന്നത് തന്നെ ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.