ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ മാത്രം 80,000 വ്യാജ അക്കൗണ്ടുകളെങ്കില്‍ കോണ്‍ഗ്രസിനെതിരെ എത്ര ഉണ്ടായിരിക്കുമെന്ന് ശശി തരൂര്‍ എംപി. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ 80,000 വ്യാജ പ്രൊഫൈലുകള്‍ ബിജെപി സൃഷ്ടിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് പ്രതികരണവുമായി ശശിതരൂര്‍ രംഗത്തെത്തിയത്.
”സമൂഹമാധ്യമങ്ങള്‍ പൊതുജനാഭിപ്രായമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മിഥ്യാധാരണ മാത്രമാണ്. മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ 80,000 വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ എത്രയെണ്ണം ഉണ്ടാക്കിയിരിക്കും” ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ഫോര്‍ സുശാന്ത് സിങ് എന്നുള്ള ക്യാമ്പയിനുകളാണ് പ്രചരിച്ചിരുന്നത്. ഇത്തരം പോസ്റ്റുകള്‍ ഇറ്റലി, ജപ്പാന്‍, പോളണ്ട്,സ്ലൊവേനിയ, ഇന്തോനേഷ്യ, തുര്‍ക്കി, തായ്‌ലന്റ്, റൊമേനിയ, ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.