ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രാജ്യത്തേക്കാള്‍ കൂറ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുഷമാ സ്വരാജിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമര്‍ശനം.
യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുഷമാ സ്വരാജ് മോദിയുടെ പേര് പരാമര്‍ശിച്ചത് 10 തവണയാണ്. എന്നാല്‍ ഇന്ത്യയുടെ പേര് പരാമര്‍ശിച്ചത് അഞ്ചുതവണ മാത്രം. യു.എന്‍ പോലുള്ള വേദികളില്‍ രാജ്യത്തിന്റെ നിലപാടുകളും ആശയങ്ങളും അവതരിപ്പിക്കുന്നതിനു പകരം രാഷ്ട്രീയ ക്യാമ്പയിനു വേണ്ടിയാണ് സുഷമാ സ്വരാജ് ഉപയോഗപ്പെടുത്തിയതെന്നും തരൂര്‍ കുറ്റപ്പെടുത്തി. പ്രസംഗത്തിന്റെ പകുതിയിലധികം സമയവും മോദിയുടെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് വിദേശകാര്യ മന്ത്രി അവതരിപ്പിച്ചത്. സ്വച്ഛ് ഭാരത മിഷനെക്കുറിച്ച് മന്ത്രി വാചാലയായി. രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടുകള്‍ അവതരിപ്പിക്കുന്നതില്‍ വിദേശകാര്യ മന്ത്രി പരാജയപ്പെട്ടെന്നും തരൂര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. അതേസമയം തരൂരിന്റെ പാകിസ്താന്‍ അനുകൂല നിലപാടിന് തെളിവാണ് വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തിനെതിരായ വിമര്‍ശനമെന്ന വാദവുമായി ബി.ജെ.പി രംഗത്തെത്തി. ഇതില്‍ അത്ഭുതപ്പെടാനില്ല. പാകിസ്താന് അനുകൂലമായി കോ ണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ച മാത്രമാണിതെന്ന് ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദി ആരോപിച്ചു.
സുഷമയുടെ പ്രസംഗത്തിനെതിരെ കഴിഞ്ഞദിവസവും തരൂര്‍ രംഗത്തെത്തിയിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കിട്ടിയ അവസരം സുഷമാ സ്വരാജ് നശിപ്പിച്ചെന്നായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം.
സുഷമാ സ്വരാജിന് ഇന്ത്യയേക്കാള്‍ ഭക്തി മോദിയോടെന്ന് തരൂര്‍
Tags: Shashi Tharoor