ശശി തരൂര്‍ എം.പി കെ റെയില്‍ വിഷയത്തില്‍ യു.ഡി.എഫിന്റെ നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുന്നോട്ട് വച്ച ചോദ്യങ്ങള്‍ പ്രസക്തിയുള്ളതാണെന്ന് തരൂര്‍ തനിക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി. ശശി തരൂര്‍ നിലപാട് പരസ്യമായി അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സി.പി.എം വര്‍ഗീയത നിറയ്ക്കുകയാണെന്നും തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതിനാലാണ് വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐയിനും പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്നും അവര്‍ വര്‍ഗീയ സംഘടനയാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.