X
    Categories: CultureNewsViews

കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ശശി തരൂരിന്റെ മറുപടി

ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് , പ്രിയപ്പെട്ട മുല്ലപ്പള്ളി ജി,

താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്.

ഞാൻ പറഞ്ഞു എന്ന് പറയപ്പെടുന്ന മുകളിൽ സൂചിപ്പിച്ച പ്രസ്താവന എവിടെ നിന്നറിഞ്ഞു എന്ന് സൂചിപ്പിച്ചാൽ ഞാൻ ഏറെ നന്ദിയുള്ളവനായിരിക്കും. കാരണം അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ ഇതേ വരെ നടത്തിയിട്ടില്ല. അതേ സമയം ഈയിടെ അവസാനിച്ച, എട്ടാഴ്ച്ച നീണ്ടു നിന്ന പാർലമെന്റ് സെഷനിലെ ചർച്ചകൾ അങ്ങ് പരിശോധിക്കുകയാണെങ്കിൽ നമ്മുടെ ഭരണഘടനയുടെ അന്തസ്സിനും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും വിരുദ്ധമായി മോദി സർക്കാർ അവതരിപ്പിച്ച ബില്ലുകളെ പ്രതിരോധിക്കാൻ ഞാൻ നടത്തിയ പഠന ഗവേഷണങ്ങളുടെ പത്തിലൊരംശം പോലും നമ്മുടെ സംസ്ഥാനത്തു നിന്നുള്ള മറ്റ് നേതാക്കന്മാർ നടത്തിയിട്ടില്ല എന്ന് കാണാൻ കഴിയും. 50 തവണയിലധികം ഞാൻ പാർലമെന്റ് ചർച്ചകളിൽ ഇടപെട്ടു,17 ബില്ലുകൾക്കെതിരെ ഉത്തമ ബോധ്യത്തോടെ ധൈര്യപൂർവം സർക്കാരിനെതിരെ സംസാരിച്ചു.

കേരളത്തിൽ നിന്നുള്ള എന്റെ വിമർശകർക്കാർക്കെങ്കിലും അവർ അപ്രകാരം ചെയ്തു എന്ന് അവകാശപ്പെടാൻ സാധിക്കുമോ? കഴിഞ്ഞ ലോക്സഭയിൽ താങ്കളോടൊപ്പം ഉപവിഷ്ടനായിരുന്ന ഞാൻ എടുത്ത നിലപാടുകളെ നോക്കി ഭൂമിയിൽ ആർക്കെങ്കിലും അഭിപ്രായങ്ങളിൽ അസ്ഥിരതയുള്ള വ്യക്തിയാണ് ഞാൻ എന്ന് വിശ്വാസ്യതയോടെ കുറ്റപ്പെടുത്താനാകുമോ?

ഒന്നു കൂടെ ഞാൻ പറഞ്ഞുകൊള്ളട്ടെ, കോൺഗ്രസ്സ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എം.പി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കു പരിയായി എഴുത്തുകാരൻ എന്ന വിശ്വസ്തതയിൽ ഊന്നി നിന്നുകൊണ്ട് ശക്തമായ എന്റെ തൂലിക ഉപയോഗിച്ച് പ്രഥമ മോദി സർക്കാരിന്റെ ഭരണത്തെ ഖണ്ഡിതമായി വിമർശിച്ചു കൊണ്ട് ഏറെ സമഗ്രമായി രചിച്ച Paradoxical Prime Minister എന്ന പുസ്തകം വിജയകരമായി ഞാൻ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തരത്തിൽ മോഡിയെ ന്യായീകരിക്കുവാൻ ആഗ്രഹിക്കുന്ന രചനയല്ല ആ പുസ്തകം.

ഇതെല്ലാം താങ്കൾക്ക് നന്നായി അറിയാമെന്നിരിക്കെ എന്തിനാണ് ഈ കാരണം കാണിക്കൽ നോട്ടീസ്?
എനിക്കും താങ്കൾക്കും നന്നായി അറിയാവുന്ന കോൺഗ്രസ്സിന്റെ ശക്തരായ നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് സിംഗ് വിയുടെയും അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ഞാൻ നടത്തിയ ട്വീറ്റിനോട് പരിഭ്രാന്തരായി പ്രതികരിച്ചുള്ള ചില നേതാക്കളുടെ പ്രതികരണമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം.

എന്റെ ട്വീറ്റിൽ ഞാൻ പറഞ്ഞത് ഇപ്രകാരമാണ്, നരേന്ദ്ര മോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആയതിനെ പ്രശംസിക്കുന്നത് അദ്ദേഹത്തിനെതിരെയുള്ള നമ്മുടെ വിമർശനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്ന് ആറ് വർഷങ്ങൾക്ക് മുമ്പ് ഞാൻ പറഞ്ഞിരുന്നു.

എന്റെ അഭിപ്രായത്തിന്ന് അനുകൂലമായി പ്രതിപക്ഷത്ത് നിന്നുയരുന്ന ചിന്തകളെ ഞാൻ സ്വാഗതം ചെയ്യുന്നു.
നരേന്ദ്ര മോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനെ പ്രശംസിക്കുന്നത്, എന്ന് പറഞ്ഞത് മോദിയെ അഭിനന്ദിക്കുന്നതല്ല എന്ന് തിരിച്ചറിയണം. കോൺഗ്രസ്സിനെ ഉപേക്ഷിച്ച് ബി.ജെ.പി കൂടാരത്തിൽ ചേക്കേറിയ നിഷ്പക്ഷ ചിന്താഗതിക്കാരായ വോട്ടർമാരെ കോൺഗ്രസ്സ് പാളയത്തിലേക്ക് വിജയകരമായി മടക്കി കൊണ്ടുവരാൻ ഇത്തരത്തിലുള്ള ക്രിയാത്മക വിമർശനം അത്യന്താപേക്ഷിതമാണെന്നും ജയറാം രമേശുംസിംഗ് വി യും ഞാനും വിശ്വസിക്കുന്നു. ഈ സമീപനം കോൺഗ്രസ്സ് വിമർശനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കും.

ഞങ്ങൾ ഇന്ത്യ എന്ന പരിപ്രേക്ഷ്യത്തിൽ നിന്നാണ് വിഷയങ്ങളെ വീക്ഷിക്കുന്നത്. ബിജെപി ശക്തമല്ലാത്ത കേരള രാഷ്ട്രീയ പരിസരത്ത് നിന്നല്ല. രണ്ടുവട്ടം ബി ജെ പി യെ നേരിട്ടെതിർത്ത് പരാജയപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ അവർക്കെതിരെയുള്ള വിജയകരമായ യുദ്ധതന്ത്ര ങ്ങളെ കുറിച്ച് എനിക്ക് ശരിക്കും ബോധ്യമുണ്ട്.

പ്രശംസനീയമായ തരത്തിലൊന്നും മോദി ചെയ്തിട്ടില്ലെങ്കിലും 2014 ലെ 31 % പിന്തുണയിൽ നിന്നും 37% ആയി ബിജെപി യുടെ വോട്ട് വർദ്ധിച്ചത് നാം കാണാതെ പോകരുത്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളിലും നമുക്കുള്ള പിന്തുണ 19% ആയി സ്തംഭനാവസ്ഥയിൽ നിലനിൽക്കുകയാണെന്നത് നമ്മളോർമ്മിക്കണം. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഭൂരിപക്ഷ ജനങ്ങളും മോദി തങ്ങൾക്കായി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നു. മോദിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി അവയിലെ കാപട്യം നാം തുറന്നു കാട്ടണം. മോദി ശൗചാലയങ്ങൾ നിർമ്മിച്ചു, പക്ഷേ ജലദൗർലഭ്യത്താൽ അവയിൽ60% വും പ്രവർത്തനരഹിതമാണ്‌. നിർധനരായ ഗ്രാമീണ വനിതകൾക്ക് മോദി സൗജന്യമായി ഗ്യാസ് കണക്ഷനുകൾ നൽകി പക്ഷേ തുടർന്ന് ഉപയോച്ച് തീർന്ന ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കുന്നതിന് പണമില്ലാത്തതിനാൽ 92% പേരും ഗ്യാസ് കണക്ഷൻ ഉപേക്ഷിച്ചിരിക്കുന്നു.

അപര്യാപ്തമാണെങ്കിലും മോദി പ്രവർത്തിക്കുന്നതേയില്ല എന്ന വാദം തുടരുമ്പോൾ ജനം ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതും തുടരുന്നു. അപ്പോൾ ജനങ്ങൾ വിഡ്ഢികളാണെന്ന മറുവാദം നാം ഉയർത്തുന്നത് നമുക്ക് വോട്ട് നേടിത്തരില്ല. ബിജെപി യുടെ പ്രവർത്തനങ്ങളെല്ലാം അപര്യാപ്തവും വിനാശകരവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.പുരോഗമന മതേതര സ്വതന്ത്ര ചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്ന് കോൺഗ്രസ്സ് അധികാരത്തിൽ തിരികെയെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇപ്പോൾ നാം നടപ്പിലാക്കുന്ന പരിപാടികളിലൂടെ ദേശവ്യാപകമായി ജനങ്ങളെ കോൺഗ്രസ്സിലേക്ക് ആകർഷിക്കുന്നതിന് കഴിയുന്നില്ല.

അവസാന രണ്ട് തെരഞ്ഞെടുപ്പിലും നമ്മളെ ഉപേക്ഷിച്ച് BJP യിലേക്ക് കുടിയേറിയ വോട്ടർമാരിൽ നമ്മുടെ വിശ്വാസ്യത വർദ്ധിപ്പിച്ച് അവരെ കോൺഗ്രസ്സിലേക്ക് മടക്കിക്കൊണ്ട് വരണം. മോഡിയിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നതെന്താണെന്ന് മനസ്സില്ലാക്കി അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ നാം മെനയണം. അപ്പോൾ നമ്മുടെ വിമർശനങ്ങൾക്ക് വിശ്വാസ്യത കൈവരും. ഇതാണ് ഞാനെപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്.കോൺഗ്രസ്സിനെ ജീവനോളം സ്നേഹിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ മോഡി കോൺഗ്രസ്സ് നേതാക്കളെ പൈശാചികമായി വിമർശിക്കുമ്പോൾഎന്തുകൊണ്ട് മോഡിയെ പൈശാചികമായി വിമർശിക്കരുതെന്ന് (Dont demonise Modi ) ഞാൻ ആവശ്യപ്പെടുന്നതെന്ന് എന്നോട് ചോദിച്ചു.അതിന് എനിക്കൊരു മറുപടിയേ ഉള്ളൂ, അതെന്റെ പ്രയോഗമല്ല, ആരാണോ അതുപയോഗിച്ചതെന്ന് കണ്ടെത്തി അവരോട് തന്നെ ചോദിക്കണം. പക്ഷെ ഒരു കാര്യംവ്യക്തമാണ്, ഞാൻ മോഡിയെ ക്രൂരമായി ആക്രമിക്കുന്നുവെന്ന് BJP പ്രവർത്തകർ ഉറച്ച് വിശ്വസിക്കുന്നു. അതു കൊണ്ടാണ് അവർ മോഡിക്കെതിരായ പരാമർശങ്ങൾ നടത്തിയ എനിക്കെതിരെ രണ്ട് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തത്, അതിലൊന്നിൽ ഞാൻ അറസ്റ്റ് വാറണ്ട് നേരിടുന്നുണ്ട്. തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിൽ എന്നെ വിമർശിക്കുന്നതിന് പകരം മോഡിയെ സധൈര്യം നേരിടുന്നതിന് എന്നെ എന്റെ വിമർശകർ അഭിനന്ദിക്കുകയാണ് വേണ്ടത്.പാർട്ടി വേദിയിൽ അഭിപ്രായപ്രകടനം നടത്തിയില്ല എന്ന താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു.

പക്ഷെ ജയറാം രമേശും സിംഗ് വി യും അവരുടെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, നവ മാധ്യമമായ ട്വിറ്ററിലൂടെ എന്റെ അഭിപ്രായം പ്രകടിപ്പിക്കുകയാണ് ഞാൻ ചെയ്തത്. സമയബന്ധിതമായി പ്രതികരിക്കുകയെന്ന എന്റെ ശൈലിയുടെ അടിസ്ഥാനത്തിലാണ് ഞാൻ അപ്രകാരം ചെയ്തത്.പ്രത്യേകിച്ചൊരു പാർട്ടി വേദിയിലും ഞാൻ അംഗമല്ലെന്നിരിക്കെ ബഹുജനമദ്ധ്യത്തിൽ ചർച്ചയാകുന്ന പ്രശ്നങ്ങൾ അവിടെ തീർപ്പാക്കുന്നതാണ് ഉചിതമെന്നു് ഞാൻ കരുതുന്നു.ദേശവ്യാപകമായി ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകരും ഭാരവാഹികളും അസംബന്ധമായ ഈ വിവാദങ്ങൾക്കിടയിലും എനിക്കൊപ്പം നിൽക്കുന്നതിന് കാരണം എന്റെ ഉദ്ദേശങ്ങൾ പരിശുദ്ധമാണെന്ന് അവർ തിരിച്ചറിഞ്ഞത് കൊണ്ടാണ്. കോൺഗ്രസ്സിന്റെ ഉയർച്ചക്കായാണ് ഞാൻ ആത്മാർത്ഥമായി സംസാരിക്കുന്നതെന്നവർ ഉറച്ച് വിശ്വസിക്കുന്നു. എന്നെ തെറ്റായി വ്യാഖ്യാനിക്കാനും അപഹസിച്ച് തരംതാഴ്ത്താനും ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങളെ കോൺഗ്രസ്സിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രവർത്തകർ തിരിച്ചറിയുന്നു.

പാർലമെന്റിനകത്തും പുറത്തും ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുവാൻ നിരന്തരമായി ശ്രമിക്കുന്ന BJP യുടെ ആക്രമണ രാഷ്ട്രീയത്തെപ്രതിരോധിച്ചു കൊണ്ട് കോൺഗ്രസ്സിന്റെ പുരോഗമനാത്മക മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് തുടരുന്ന എന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ ഞാൻ അഭിമാനിക്കുന്നു, ഞാൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലാത്ത ഒരു വ്യക്തിയെ പുകഴ്ത്തിയതായി ആരോപിച്ച് എന്റെ തന്നെ പാർട്ടിയിലുള്ളവരുടെ തന്നെ തെറ്റിദ്ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് എന്നോട് വിശദീകരണം ചോദിക്കുന്നത്.എന്റെ വിമർശകരോട് എനിക്ക് പറയുവാനുള്ളത് വർത്തമാനകാല ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിനെ വിജയിക്കുന്ന പാർട്ടിയാക്കി മാറ്റുന്ന തരത്തിൽ നമ്മുടെ തന്ത്രങ്ങൾ പുനരാവിഷ്കരിക്കണം. സർക്കാരിനെതിരെയുള്ള നമ്മുടെ വിമർശനങ്ങൾ സത്യസന്ധവും മൂർച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവു മായിരിക്കണം. നമ്മുടെ സൃഷ്ടിപരമായ വിമർശനങ്ങളെ ജനങ്ങൾ ഗൗരവമായി വിശ്വാസത്തിലെടുക്കണം. കാരണം നമുക്ക് ചുറ്റും നടക്കുന്നതെല്ലാം ജനങ്ങളും അനുഭവിക്കുന്നതാണു്. നമ്മൾ രാജ്യതാൽപര്യത്തിനനുസരിച്ച് നിലകൊള്ളുന്നവരാണെന്നും BJP സംരക്ഷിക്കുന്നതിനെക്കാൾ മികച്ച രീതിയിൽ അവ സംരക്ഷിക്കുന്നതിന് നമുക്കാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്കാകണം. നമ്മുടേതിനനുസൃതമായി തീരുമാനങ്ങൾ ഭരണത്തിലവർ കൈക്കൊള്ളുമ്പോൾ അവയോട് യോജിക്കാനും രാഷ്ട്ര താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങളിൽ ശക്തമായി പ്രതിഷേധിക്കാനും മോഡി തെരഞ്ഞെടുത്ത പദ്ധതികളിലെ നടത്തിപ്പിൽ വരുന്ന അപാകതകൾ ചൂണ്ടിക്കാട്ടുന്നതിനും നമുക്കാകണം. ഇത്തരത്തിലാകണമൊരുക്രിയാത്മക പ്രതിപക്ഷം പ്രവർത്തിക്കേണ്ടത്, പ്രത്യേകിച്ച് കോൺഗ്രസ്സ്.

ഞാൻ മോഡി സർക്കാരിന്റെ ശക്തനായ വിമർശകനാണ്. എന്റെ വിമർശനങ്ങൾ സൃഷ്ടിപരമാണ്.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എന്റെ സദൃഢമായ പ്രതിരോധമാണ് 3 തെരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. പാർലമെൻറിൽ നമ്മുടെ പാർട്ടിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലെപ്പോഴും ഞാൻ മുൻ നിരയിലുണ്ടാകും.കേരളത്തിലെ എന്റെ സഹയാത്രികരോട് എനിക്ക് പറയുവാനുള്ളത് എന്റെ സമീപനങ്ങളോട് വിയോജിക്കുമ്പോഴും പരസ്പര ബഹുമാനം നഷ്ടപ്പെടുത്താതിരിക്കുവാൻ ശ്രമിക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: