ന്യൂഡല്‍ഹി: ബറാക് ഒബാമ രാഹുൽ ഗാന്ധിയെ കുറിച്ച് നടത്തിയ പരാമർശം ഉയർത്തി പരിഹസിക്കുന്ന ബിജെപിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശശി തരൂർ എംപി. 902 പേജ് വരുന്ന ഒബാമയുടെ പുതിയ പുസ്തകം താൻ വായിച്ചുവെന്നും അതിൽ ഒരിടത്ത് പോലും നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും തരൂർ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ ബാരക് ഒബാമ എഴുതിയ A promised land എന്ന പുസ്തകം അഡ്വാൻസ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവൻ വായിച്ചു നോക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജിൽ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല.
“എല്ലാറ്റിലുമുപരി, ഇന്ത്യയെക്കുറിച്ചുള്ള എന്റെ കൗതുകം മഹാത്മാഗാന്ധിയിൽ തുടങ്ങുന്നു. ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും എന്റെ ചിന്തകളെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് ഇന്ത്യയിലുള്ള അക്രമ പരമ്പരകളും, ജനങ്ങളുടെ അത്യാർത്തിയും, അഴിമതിയും, സങ്കുചിത ദേശീയതയും, വർഗീയതയും, സാമുദായിക അസഹിഷ്ണുതയുമാണ്.
വളർച്ചാ നിരക്കിൽ പ്രശ്നം വരുമ്പോഴും, കണക്കുകളിൽ മാറ്റം വരുമ്പോഴും, ഒരു ആകർഷണീയനായ നേതാവ് ഉയർന്ന് വരുമ്പോഴും, അവർ ജനങ്ങളുടെ വികാരം കൊണ്ടും ഭയം കൊണ്ടും നീരസം കൊണ്ടും കളിക്കാൻ കാത്തിരിക്കുന്നവരാണ്. ഇത്തരം ഒരു സന്ദർഭത്തിൽ ഒരു മഹാത്മാഗാന്ധി അവർക്കിടയിലില്ലാതെ പോയി.
ഇത്തരം പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് സംഘികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ സത്യത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ഒബാമ മടങ്ങി വന്ന് മൻമോഹൻ സിങ്ങിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുന്നതല്ല.