X

‘കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം’; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ രൂക്ഷമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടമാണെന്ന് തരൂര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കച്ചവടം നടന്നതായി അദ്ദേഹം വിമര്‍ശിച്ചു.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ വശീകരണ ശ്രമങ്ങളിലൊന്നും വീഴാതിരുന്ന ഡി.കെ ശിവകുമാറിനും മറ്റ് കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കും എന്റെ അഭിനന്ദനം. നിങ്ങള്‍ ശക്തമായി തന്നെ നിലകൊണ്ടു. നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ തുടക്കം മുതല്‍ അകത്ത് നിന്നും പുറത്ത് നിന്നും ശ്രമമുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു. അധികാരത്തിലേക്കുള്ള തങ്ങളുടെ വഴിയില്‍ സഖ്യം തടസമാവുമെന്ന് മനസിലാക്കിയ കുത്സിത താല്‍പര്യക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരുടെ ശ്രമങ്ങള്‍ ഒടുവില്‍ വിജയിച്ചിരിക്കുകയാണ്. ജനാധിപത്യവും കര്‍ണാടകയിലെ ജനങ്ങളുടെ അഭിമാനവുമാണ് ഇതിലൂടെ തകര്‍ന്നിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബി.ജെ.പിക്ക് വരുമെന്ന് പ്രിയങ്കഗാന്ധിയും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ വിമര്‍ശനം. എല്ലാവരേയും വിലക്ക് വാങ്ങാന്‍ കഴിയിയാത്ത എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

chandrika: